fish
നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും കട്ടപ്പനയിലെ മത്സ്യ വിൽപന സ്റ്റാളിൽ പരിശോധന നടത്തുന്നു.

കട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ 13 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. സംസ്ഥാനത്തുടനീളം പരിശോധന കർശനമാക്കിയ സാഹചര്യത്തിലാണ് കട്ടപ്പന നഗരത്തിലെ കടകളിലും പരിശോധന നടത്തിയത്. മാർക്കറ്റിലെ മത്സ്യ വിൽപന സ്റ്റാളിൽ നിന്നാണ് ദിവസങ്ങളോളം പഴക്കമുള്ള ചൂര മീൻ കണ്ടെത്തിയത്. എല്ലാ കടകളിലും പരിശോധന നടത്തിയെങ്കിലും അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ഒരു കിലോ മത്സ്യം സൂക്ഷിക്കാൻ മൂന്നുകിലോ ഐസ് ഉപയോഗിക്കണമെന്നു കടയുടമകൾക്ക് നിർദേശം നൽകി. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ഭക്ഷ്യ സുരക്ഷ വിഭാഗം ഓഫീസർ ആൻ മരിയ റോയി, ഫിഷറീസ് ഇൻസ്‌പെക്ടർ ഷിനൂബ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ് എന്നിവരാണ് പരിശോധന നടത്തിയത്.