ഇടുക്കി : റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭഷ്യവിഭവകിറ്റ് വിതരണം നൂറ് കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി. ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ 23231 കിറ്റുകൾ വിതരണം ചെയ്തു.
ഗുണഫോക്താക്കൾക്ക് അതത് റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ കിറ്റ് മുൻഗണനാ വിഭാഗങ്ങൾക്കാണ് ആദ്യം ലഭിക്കുക. ആദ്യ ദിവസങ്ങളിൽ കിറ്റ് കൈപ്പറ്റാത്തവർക്ക് ഏപ്രിൽ 30 നകം ഏത് ദിവസവും കിറ്റ് കൈപ്പറ്റാമെന്ന് ജില്ലാ സപ്ലൈ ഓഫീസിൽ നിന്നുമറിയിച്ചു. ആദിവാസി വിഭാഗക്കാർക്കായുള്ള 17423 ട്രൈബൽ കിറ്റുകൾ ഉൾപ്പെടെ എ.എ.വൈ. വിഭാഗത്തിനായി 34135 കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനെത്തിച്ചത്. പഞ്ചസാര, ഉപ്പ്, വെളിച്ചെണ്ണ, ചായപ്പൊടി, ചെറുപയർ എന്നിവയടക്കം വിവിധയിനങ്ങൾ ഉൾപ്പെടുത്തി സർക്കാർ പ്രഖ്യാപിച്ച 1000 രൂപയ്ക്കുള്ള സാധനങ്ങളാണ് കിറ്റുകൾ വഴി നൽകുന്നത്.
നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സർക്കാർ നിയോഗിച്ച സന്നദ്ധ പ്രവർത്തകർ ഭക്ഷ്യകിറ്റ് വീടുകളിലെത്തിച്ച് നൽകുകയായിരുന്നു. സപ്ലൈക്കോയാണ് കിറ്റുകൾ തയ്യാറാക്കാനുള്ള ചുമതല നിർവഹിച്ചത്.വരും ആഴ്ചകളിൽ മറ്റു കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കാനാവുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.