ഇടുക്കി : വട്ടവടയ്ക്ക് സമീപം കൊട്ടക്കമ്പൂരിൽ കടയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ബാരലിലെ കുടി വെള്ളം കുടിച്ച നായ ചത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കടയിലെത്തുന്നവരും കാൽനടക്കാരും ലോക്ക് ഡൗൺ നിരീക്ഷണത്തിലേർപ്പെട്ടിട്ടുള്ള പൊലീസുകാരും സംഭരണിയിലെ വെള്ളം കുടിക്കാറുണ്ട്.
കൊട്ടാക്കമ്പൂരിൽ മുരുകമണി എന്നയാളുടെ പലചരക്കുകടയുടെ മുന്നിലാണ് കുടിവെള്ള സംഭരണി സ്ഥാപിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി ഇതിൽ നിന്നു വെള്ളമെടുത്ത് കൈകാലുകൾ കഴുകി. താഴെവീണ വെള്ളം അവിടെയുണ്ടായിരുന്ന ഇയാളുടെ നായ കുടിച്ചു. കുറച്ച് സമയത്തിനുശേഷം നായുടെ വായിൽനിന്ന് നുരയും പതയും വരുവാൻ തുടങ്ങി. തുടർന്ന് മുരുകമണി മൃഗഡോക്ടറെ കണ്ട് വിവരം പറഞ്ഞു. നായയെ പരിശോധിച്ചപ്പോൾ വിഷബാധ ഏറ്റതായി മനസ്സിലായി. വൈകാതെ നായ ചാകുകയും ചെയ്തു.
ബാരലിലെ വെള്ളത്തിൽ വിഷം കലർന്നെന്ന് മനസിലായതിനെത്തുടർന്ന് പൊലീസിനെയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ പരിശോധനയിൽ ബാരലിൽ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലർന്നിരിക്കുന്നതായി കണ്ടെത്തി.
നായ മൂലം ഇവരൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുരുകമണിയോട് വൈരാഗ്യമുള്ള ചിലരാണ് വിഷം കലർത്തിയതെന്നും, ഇവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.