thankachan
പിടിയിലായ വാഴവര സ്വദേശി തങ്കച്ചൻ ദേവസ്യ.

കട്ടപ്പന: വ്യാജമദ്യവും ലൈസൻസില്ലാത്ത നാടൻ തോക്കുകളുമായി വാഴവര അമ്പഴമാക്കൽ തങ്കച്ചൻ ദേവസ്യയെ (58) കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി 7.30ഓടെയാണ് പൊലീസ് ഇയാളുടെ പുരയിടത്തിൽ പരിശോധനയ്‌ക്കെത്തിയത്. ഈ സമയം തങ്കച്ചൻ വ്യാജമദ്യം തയ്യാറാക്കുകയായിരുന്നു. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന രണ്ടു ലിറ്റർ വ്യാജമദ്യവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഷെഡ് പരിശോധിച്ചപ്പോഴാണ് ലൈസൻസില്ലാത്ത രണ്ട് നാടൻ ഒറ്റക്കുഴൽ തോക്കുകൾ കണ്ടെത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജമദ്യ നിർമാണം വിൽപ്പനയും നടക്കുന്നത്. രഹസ്യവിവരങ്ങളെ തുടർന്ന് ചില കേന്ദ്രങ്ങൾ കണ്ടെത്തിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ പറഞ്ഞു. എസ്.ഐമാരായ വി.വി വിഷ്ണു, സിബി കുര്യൻ, എ.എസ്.ഐ. കെ.കെ. വിജുമോൻ, സി.പി.ഒമാരായ പി.എം. കൃഷണകുമാർ, റാൾസ്, അനൂപ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.