ഇടുക്കി : കർഷകർക്കൊരു കൈത്താങ്ങായി വിഷു വിപണിയും പൈനാപ്പിൾ ചലഞ്ചുമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പഞ്ചായത്തുതലത്തിൽ ജീവനി സജ്ജീവനി ഫാർമേഴ്‌സ് വില്പനശാലകൾ ഇന്ന് പ്രവർത്തിക്കും. കൊവിഡ്- 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തകർന്ന പൈനാപ്പിൾ കർഷകരെ സഹായിക്കുന്നതോടൊപ്പം പഴം- പച്ചക്കറി കർഷകർക്കും സഹായമായാണ് കർഷകരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനായി വിഷു വിപണിയും പൈനാപ്പിൾ ചലഞ്ചും കൃഷി വകുപ്പ് ഒരുക്കുന്നത്. വിഷു വിപണിയോടനുബന്ധിച്ച് കർഷകർ ഉത്പാദിപ്പിച്ച പഴം പച്ചക്കറികൾ ,നടീൽ വസ്തുക്കൾ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും മുൻകൂറായി ബുക്ക്‌ചെയ്യുന്നതിന് ഇന്ന് വിവിധ എഫ്.ആർ.ഒ യിൽ വേദി ഒരുക്കിയിട്ടുണ്ട്. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ മൂന്ന് വരെ, ഇരട്ടയാർ സഹകരണ ബാങ്കിൽ രാവിലെ 10 മുതൽ മൂന്ന് വരെ, ഉപ്പുതറ പഞ്ചായത്ത് ആഫീസിന് സമീപം ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ, അയ്യപ്പൻകോവിൽ മാട്ടുക്കട്ട കൃഷിഭവന് സമീപം രാവിലെ 11 മുതൽ രണ്ട് വരെ, കാഞ്ചിയാർ ലബ്ബക്കടയിൽ രാവിലെ 11 മുതൽ ഒന്ന് വരെ, വണ്ടൻമേട് പുറ്റടി ജംഗ്ഷനിൽ രാവിലെ 11 മുതൽ രണ്ട് വരെ, ചക്കുപള്ളം എട്ടാംമൈൽ ജംഗ്ഷന് സമീപം ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയാണ് വില്പന ശാലകൾ പ്രവർത്തിക്കുക.