കട്ടപ്പന: കട്ടപ്പന നഗരസഭയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിൽ വാഹനത്തിൽ വെള്ളം എത്തിച്ചുതുടങ്ങി. 2000 ലിറ്റർ സംഭരണശേഷിയുള്ള മൂന്നുവാഹനങ്ങളിലും 4000 ലിറ്റർ സംഭരണശേഷിയുള്ള ഒരു ലോറിയിലുമാണ് കല്യാണത്തണ്ട്, പൂവേഴ്‌സ് മൗണ്ട്, മേട്ടുക്കുഴി, കടമാക്കുഴി, പുളിയൻമല, അമ്പലപ്പാറ, കൗന്തി, കൃഷ്ണൻകുടി, കുന്തളംപാറ തുടങ്ങിയ മേഖലകളിൽ വെള്ളം വിതരണം ചെയ്യുന്നത്. ശുദ്ധജല പദ്ധതികളുടെ ജലസ്രോതസുകൾ വറ്റിയതോടെയാണ് അതത് വാർഡ് കൗൺസിലർമാരുടെ നിർദേശപ്രകാരം ഓരോ മേഖലയിലും വെള്ളം എത്തിക്കുന്നത്. ചില സ്ഥലങ്ങളിലെ ജല വിതരണ പദ്ധതികളുടെ ടാങ്കുകളിൽ വെള്ളം നിറച്ച് പിന്നീട് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുവരുന്നു. മറ്റിടങ്ങളിൽ നാട്ടുകാരുടെ വിവരമറിയിച്ചശേഷം വെള്ളവുമായി വാഹനമെത്തും. ഒരാൾക്ക് 200 ലീറ്റർ ശുദ്ധജലം വീതമാണ് നൽകുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും ആഴ്ചയിൽ രണ്ടുതവണ വീതം വെള്ളം എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.