കുമളി: തമിഴ്‌നാട്ടിൽ നിന്ന് കാനനപാത വഴി കേരളത്തിലേക്ക് വരുന്നവരെ അതിർത്തി ചെക്പോസ്റ്റിൽ പണം വാങ്ങി കടത്തിവിടുന്നതായി ആക്ഷേപം. കുമളിയ്ക്ക് സമീപം കേരളാ​- തമിഴ്നാട് അതിർത്തിയിൽ അരികടത്ത് തടയാനായി സ്ഥാപിച്ച ചെക്പോസ്റ്റിലാണ് കൈക്കൂലി വാങ്ങി ആളെ കടത്തുന്നത്. നൂറു രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നതത്രേ. അരി ചെക്പോസ്റ്റിലെ തമിഴ്നാട് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് പണം വാങ്ങുന്നത്. അതിർത്തി ചെക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ നിന്ന് തമിഴർ വനപ്രദേശത്തെ ഇടവഴിയിലൂടെ കടന്നു വരുന്നത്. കുമളിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള അരി ചെക്പോസ്റ്റിന് സമീപത്തുകൂടി കുമളി റോസാപ്പൂക്കണ്ടം ഭാഗത്ത് എത്താനാകും. ഇത് മനസിലാക്കി എത്തുന്നവരിൽ നിന്നാണ് തലയെണ്ണി കാശുവാങ്ങുന്നത്. തമിഴ്‌നാട്ടിൽ കൊവിഡ്-19 വ്യാപനം കൂടിയതോടെ അതിർത്തി പ്രദേശങ്ങളിൽ കേരളാ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വനപാതയിലൂടെ എത്തിയവരെ കേരളാ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തമിഴ്നാട് പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് 100 രൂപ വീതം നൽകിയാണ് കടന്നു വരുന്നെന്ന് പറഞ്ഞത്.