തൊടുപുഴ: ലോക്ക്ഡൗൺ മണിചിത്രതാഴിട്ട് ലോക്കാക്കിയത് കൊവിഡിനെ മാത്രമല്ല, അന്നന്ന് ജോലി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരുപിടി മനുഷ്യരുടെ ജീവിതവുമാണ്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വസ്ത്രശാലകൾ, സ്വർണക്കടകൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ, ആട്ടോറിക്ഷാ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, സ്വകാര്യ ബസ്, ലോറി, മിനി ബസ്, ടൂറിസ്റ്റ് ബസ് ജീവനക്കാർ തുടങ്ങി വീട്ടുജോലി ചെയ്യുന്നവർ വരെയുള്ള പതിനായിരക്കണക്കിന് പേരുടെ ജീവിതമാണ് വഴിമുട്ടിയത്. ഇവർക്കാർക്കും തൊഴിലോ വരുമാനമോ ഇല്ല. കൊച്ചുചായക്കടകളിൽ 500 രൂപ ദിവസക്കൂലിക്ക് ചായയടിക്കുന്നവർ മുതൽ വലിയ വസ്ത്രവ്യാപാര കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവർ വരെ ഒരേ പോലെ ദുരിതത്തിലാണ്. മാസ ശമ്പളം വാങ്ങിയിരുന്ന പല സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്പളം പോലും ലഭിച്ചിട്ടില്ല. ഇത്തരം തൊഴിലാളികളെ സംരക്ഷിക്കേണ്ട ചുമതല സ്ഥാപനയുടമയ്ക്കാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അപ്രതീക്ഷിതമായ വരുമാന നഷ്ടമുണ്ടായതോടെ വേതനം കൊടുക്കാനുള്ള ശേഷി പല സ്ഥാപനങ്ങൾക്കുമില്ല. വിവിധ ക്ഷേമനിധികളിൽ അംഗത്വം ഉള്ളവർക്ക് സർക്കാർ സഹായധനം പ്രഖ്യാപിച്ചത് അൽപ്പമെങ്കിലും ആശ്വാസമാണ്. എന്നാൽ അസംഘടിത മേഖലയിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഒരു ക്ഷേമനിധി ആനുകൂല്യങ്ങളും ലഭിക്കുന്നവരല്ല. സംഘടിതരല്ലാത്തതിനാൽ തങ്ങളുടെ ശബ്ദം അധികാര കേന്ദ്രങ്ങളിലെത്തിക്കാനും ഇവർക്ക് കഴിയുന്നില്ല.
സൗജന്യ റേഷൻ ആശ്വാസം
സർക്കാർ നൽകിയ സൗജന്യ റേഷൻ എല്ലാ വീടുകളിലും എത്തിയതിനാൽ നിലവിലെ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ആശ്വസിക്കാം. എന്നാൽ ലോക്ക്ഡൗൺ ഈഴാഴ്ചയും തീരുമെന്ന പ്രതീക്ഷ ഇല്ലാതായതോടെ എങ്ങനെ മുന്നോട്ടുപോകുമെന്നതാണ് ആശങ്ക.
മരുന്നുകൾ വാങ്ങണ്ടേ
വരുമാനം നിലച്ച് ദുരിതത്തിലായ സാധാരണ കുടുംബങ്ങളിലെല്ലാം മുടങ്ങാതെ മരുന്ന് കഴിക്കേണ്ട രോഗികളുണ്ട്. നേത്രരോഗികൾ, പ്രമേഹം ബാധിച്ചവർ, രക്താദിമർദമുള്ളവർ എന്നിങ്ങനെ രോഗികൾ ഇല്ലാത്ത വീടുകൾ കുറവാണ്. ഒരു ഇൻസുലിൻ കാഡ്രിഡ്ജിന് 290 രൂപ കൊടുക്കണം. ആറ് ദിവസം ഉപയോഗിക്കാനേ ഇത് തികയൂ. 400 രൂപ വരെ വിലയുള്ള മരുന്ന് കണ്ണിലൊഴിക്കേണ്ട നേത്രരോഗികളുണ്ട്. രണ്ടാഴ്ച കണ്ണിലൊഴിക്കാൻ പോലും ഒരു ചെറിയ കുപ്പി മരുന്ന് തികയില്ല.
'ഞങ്ങൾ ഹോട്ടൽ തൊഴിലാളികൾ ഭൂരിഭാഗവും അസംഘടിതരാണ്. ദിവസക്കൂലിക്കാരായ ഞങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഭക്ഷണത്തിനപ്പുറം മരുന്നടക്കം പല ആവശ്യങ്ങളുമില്ലേ. സർക്കാരിന് മുമ്പിൽ ഞങ്ങളുടെ പ്രശ്നം അവതരിപ്പിക്കാൻ പോലും ആരുമില്ല. സർക്കാർ ധനസഹായമില്ലെങ്കിൽ കൊവിഡിനേക്കാൾ വലിയ ദുരിതമാകും ഈ ലോക്ക്ഡൗൺ ഞങ്ങൾക്ക് സമ്മാനിക്കുക"
- ബേബി (ഹോട്ടൽ തൊഴിലാളി)