തൊടുപുഴ: തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങൾ മലയോര ജില്ലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അതിൽ നിന്ന് പതിയെ കരകയറി വന്ന ജില്ലയിലെ കർഷകർക്കും കർഷക തൊഴിലാളികൾക്കും ഒരു പോലെ ആഘാതമായി മാറി കൊവിഡ്. ഇത് ഏറ്റവുമധികം ബാധിച്ചവരിൽ ഒരു വിഭാഗമാണ് തെങ്ങുകയറ്റ തൊഴിലാളി. നാട്ടിൽ തെങ്ങിനൊപ്പം തെങ്ങുകയറ്റക്കാരും കുറഞ്ഞതോടെ അടുത്തകാലത്ത് നല്ല ഡിമാൻഡുണ്ടായിരുന്നു ഇക്കൂട്ടർക്ക്. ദിവസവും പലരും ഫോണിലും നേരിട്ടും വിളിച്ച് തേങ്ങയിടീക്കുമായിരുന്നു. ഭേദപ്പെട്ട കൂലിയും ലഭിക്കുമായിരുന്നു. എന്നാൽ മറ്റ് തൊഴിലുകൾക്ക് ലോക്ക് വീണതുപോലെ തന്നെ തേങ്ങയിടലിനും ലോക്ക് വീണു. ഒരാളു പോലും ഇപ്പോൾ തേങ്ങയിടാൻ വിളിക്കുന്നില്ല. സ്ഥിരമായി തേങ്ങയിടാറുള്ള വീടുകൾക്ക് മുന്നിൽ ചുറ്റിക്കറങ്ങിയിട്ടും ഒരു ഫലവുമില്ല. പലരുടെയും കൈയിൽ തേങ്ങ ഇട്ടാൽ കൂലി കൊടുക്കാൻ പോലും പണമില്ല. പണ്ട് പത്ത് തേങ്ങയിട്ടാൽ ഒരു തേങ്ങയായിരുന്നു പ്രതിഫലം. തെങ്ങും തേങ്ങയും കുറഞ്ഞതോടെ ഇപ്പോൾ കൂലി പണമാണ്. പക്ഷേ, ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ ദുരിതമാണ്. അസംഘടിതരായതിനാൽ സർക്കാരുകളും തിരിഞ്ഞ് നോക്കുന്നില്ല. അധികാരികൾക്ക് മുമ്പിൽ ഇവരുടെ വിഷമം പറയാൻ ആരുമില്ല. ലോക്ക്ഡൗൺ കാലത്ത് ഒരു ആനുകൂല്യവും ലഭിക്കാത്ത വിഭാഗമാണ് ഈ തൊഴിലാളികൾ.
" പണ്ട് ഒരു ദിവസം ഒരു തോട്ടത്തിൽ തന്നെ നൂറുകണക്കിന് തെങ്ങ് കാണും. ഒന്നോ രണ്ടോ ദിവസത്തെ ജോലി അവിടെ തന്നെ കാണും. ഇപ്പോൾ ഒരു പറമ്പിൽ നാലോ അഞ്ചോ തെങ്ങ് കാണും. അവിടെ കയറിയിട്ട് ദൂരെ മറ്റെവിടെയെങ്കിലും പോകണം അടുത്ത തെങ്ങിൽ കയറാൻ. ലോക്ക്ഡൗൺ ആയതോടെ ഉള്ളതും ഇല്ലാതായി. ലഭിക്കുന്ന കൂലികൊണ്ട് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർ എന്ത് ചെയ്യും. "
- കേശവൻ (തെങ്ങുകയറ്റ തൊഴിലാളി)