തൊടുപുഴ: അമ്മേ, എന്താ രാവിലെ കഴിക്കാനുള്ളേ..?

അമ്മ: നല്ല ചക്കപ്പുഴുക്കുണ്ട് മോനേ, എടുക്കട്ടേ

മകൻ: രണ്ട് ദിവസമായിട്ട് ചക്ക തന്നെയാണല്ലോ രാവിലെയും വൈകിട്ടും

അമ്മ: എന്നാ ഇന്ന് വൈകിട്ട് കപ്പ പുഴുങ്ങാം...

മകൻ: ഈ ചക്കയും കപ്പയുമല്ലാതെ വേറെ ഒന്നും ഈ വീട്ടിലില്ലേ...

ഏതാണ്ട് എല്ലാ വീട്ടിലും ഇപ്പോൾ ഇതാണ് അവസ്ഥ. ലോക്ക്‌ഡൗണിൽ മലയാളികളെല്ലാം പെട്ടതോടെ വീട്ടിലെല്ലാം തനിനാടനായി വിഭവങ്ങൾ. ഇതിൽ പ്രധാന സ്ഥാനം ചക്കയ്ക്ക് തന്നെ. ഈ ചക്ക കാലത്ത് തന്നെ ലോക്ക്ഡൗൺ വന്നത് നന്നായെന്നാ ചില കാർന്നോന്മാർ പറയുന്നത്. ഇല്ലെങ്കിൽ എന്ത് ചെയ്തേനെ. പുഴുക്ക് മാത്രമല്ല, ചക്ക വറുത്തത്, ചകിണി തോരൻ, ചക്കക്കുരു തോരൻ, ചക്കക്കുരുവും മാങ്ങയും കറി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഭവങ്ങളിലാണ് ചക്ക തീൻമേശയിൽ നിറയുന്നത്. നല്ല വരിക്ക ചക്കയുടെ പഴം ആർക്കാ ഇഷ്ടമല്ലാത്തെ. ഒരു ചക്ക കിട്ടിയാൽ ഒന്നുമില്ല വെറുതെ കളയാനെന്ന് ചക്കമേളകൾ നമ്മെ പഠിപ്പിച്ചു. ചക്കയോ കപ്പയോ ഇല്ലാത്ത വീട്ടുകാർക്ക് അടുത്ത വീട്ടുകാർ നൽകുന്നത് നാട്ടിൻപുറങ്ങളിൽ പതിവാണ്. പുരുഷന്മാരടക്കം വീട്ടിലെല്ലാവരും ചേർന്ന് സൊറ പറഞ്ഞ് ചക്കയൊരുക്കുന്നതും ഹൃദ്യമായ കാഴ്ചയാണ്. മൂക്കുമ്പോൾ തന്നെ പറിച്ച് ലോറിയിൽ കയറ്റി അന്യനാട്ടിലേക്ക് കടത്തിയിരുന്ന ചക്കയ്ക്ക് കൊവിഡ് കാലത്തെങ്കിലും നാട്ടിൽ ഒരു വിലയുണ്ടായല്ലോ...

കപ്പയ്ക്കും ഇത് നല്ല കാലമാണ്. കപ്പ കൃഷിയിടത്ത് നിന്ന് തന്നെ ആളുകൾ നേരിട്ട് വാങ്ങിക്കൊണ്ട് പോകുന്ന കാഴ്ചയാണെങ്ങും. സ്വന്തമായി ഒരു മൂട് കപ്പയെങ്കിലും നടാത്ത ഇടുക്കിക്കാർ കുറവാ. കപ്പ വാട്ടിന്റെ ആഘോഷമൊന്നും ഇത്തവണ കാര്യമായി ഉണ്ടായില്ല. എങ്കിലും ചക്കയില്ലാത്ത ഇടവേളകളിൽ കപ്പ തന്നെയാണ് മലയോരവാസികളുടെ ഇഷ്ടഭക്ഷണം. അതിൽ ഉണക്കുകപ്പയുടെ സ്ഥാനം ഒരു പടി മേലെയാണ്. കപ്പയും ചക്കയുമെല്ലാം വറുത്താലാണ് കുട്ടികൾക്ക് പ്രിയം. മാങ്ങയ്ക്കും ഇത് നല്ല കാലമാണ്. മഞ്ഞ് കുറവായിരുന്നതിനാൽ ഈ വർഷം പൂത്ത മാവുകൾ കുറവായിരുന്നു. എങ്കിലും പഴയപോലെ മാവുകളിൽ കല്ലെറിയുന്ന കുട്ടികൾ തിരിച്ചുവരുന്നുണ്ട് ചിലയിടങ്ങളിലെങ്കിലും.

കുടുംബശ്രീ സംഘ കൃഷികളും പഞ്ചായത്തുകളുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിലുള്ള ജൈവ കൃഷികളും വിളവെടുപ്പ് തുടങ്ങി. വയലുകളിൽ വെള്ളരിക്കയടക്കം പച്ചക്കറികളും സുലഭം. അന്യസംസ്ഥാന തൊഴിലാളികൾക്ക് ചക്ക, ചേമ്പ്, ചേന, കപ്പ എന്നിവ അത്ര ഇഷ്ടമായിരുന്നില്ല. എന്നാൽ ഇവരും തൊഴിൽ ഇല്ലാതായതോടെ ക്യാമ്പുകളിൽ ചക്കപ്പുഴുക്കുണ്ടാക്കുന്നുണ്ട്. കുഴിമന്തിയടക്കമുള്ള ഫാസ്റ്റ്ഫുഡ് ശീലമാക്കിയ പുതുതലമുറയ്ക്ക് ഇതെല്ലാം പുതിയ അനുഭവങ്ങളാണ്.

ട്രെൻഡായി ചക്കക്കുരു ജ്യൂസ്

സ്ഥിരം പലതരം ജ്യൂസും ഷെയ്ക്കും കുടിച്ച് കറങ്ങി നടന്നവർ ലോക്ക്ഡൗണിൽ ആയെന്ന് കരുതി ജ്യൂസിനോടുള്ള പ്രിയം കുറയ്ക്കാനാകുമോ. വീട്ടിൽ ഉണ്ടാക്കാവുന്ന പല വെറൈറ്റി ജ്യൂസുകളുണ്ടെങ്കിലും ചക്കക്കുരു ജ്യൂസാണ് ഇപ്പോൾ താരം. നല്ല ചക്കകുരു മിക്സിയിലടിച്ച് പാലും പഞ്ചസാരയും കൂട്ടി ജ്യൂസാക്കിയാൽ അടിപൊളിയാണെന്നാണ് കുടിച്ചവരുടെ അഭിപ്രായം. എന്തായാലും സാമൂഹ്യമാദ്ധ്യമങ്ങളിലെല്ലാം ഇന്ന് ചക്കക്കുരു ജ്യൂസ് ട്രെൻഡിംഗാണ്.