ഇടുക്കി : അതിർത്തി ജില്ലയായ തേനിയിൽ നിരവധിപേർക്ക് കൊവിഡ് സ്ഥീരികരിച്ചതോടെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ അടിയന്തര അവലോകനയോഗം ചേർന്നു. വനാന്തരപാതകൾ ഉൾപ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാൻ 24 മണിക്കൂർ നിരീക്ഷണമേർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു. കമ്പംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാൻകുത്തിമേട് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അതിർത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളിൽ നീരക്ഷണത്തിൽ പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതുവരെ പഞ്ചായത്തിൽ നടപ്പാക്കിയ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത്, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്. കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടുമ്പൻചോല പഞ്ചായത്ത് 5 ലക്ഷം രൂപ സംഭാവന നൽകി. ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ എൻ.പി സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജു പി.വി,പൊലീസ്, വനം,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.