ഇടുക്കി : ലോക്ക്ഡൗണിൽ വിളവെടുക്കാറായ കാർഷികോല്പ്പന്നങ്ങൾ നശിച്ചുപോകാതെ കർഷകരെ സഹായിക്കുന്നതിനായി
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫാർമേഴ്‌സ് റീട്ടെയ്ൽ ഔട്ട് ലെറ്റുകൾ വിജയം കണ്ടു. വകുപ്പിന്റെ ജീവനി സജ്ജീവനി പദ്ധതിയുടെ ഭാഗമായി നടത്തിയ പൈനാപ്പിൾ ചലഞ്ചിലൂടെ 9 ടൺ പൈനാപ്പിളാണ് ഹൈറേഞ്ചിൽ വിറ്റഴിച്ചത്. കട്ടപ്പന എഡിഎ ഓഫീസ് പരിധിയിൽ കട്ടപ്പന നഗരസഭ, ഇരട്ടയാർ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ചക്കുപള്ളം, വണ്ടൻമേട്, ഉപ്പുതറ ഗ്രാമ പഞ്ചായത്തുകളിലായി ഏഴ് ഔട്ട്‌ലെറ്റുകളാണ് കൃഷി വകുപ്പ് ക്രമീകരിച്ചത്. വിഷു വിപണി മുൻനിർത്തി കർഷകർ ഉല്പാദിപ്പിച്ച പഴം, പച്ചക്കറികൾ ,നടീൽ വസ്തുക്കൾ എന്നിവയുംകർഷകർ വില്പ്പന നടത്തി. ഏത്തക്കുല, പയർ, തക്കാളി, ചീര തുടങ്ങിയവയാണ് കർഷകർ കൂടുതലായും വിപണനത്തിനെത്തിച്ചത്. പാകമായ കാർഷികോല്പ്പന്നങ്ങൾ നശിച്ചുപോകാതെ ന്യായവിലയ്ക്ക് കർഷകർക്ക് വില്ക്കാനും ആവശ്യക്കാർക്ക് വാങ്ങാനും ഇതിലൂടെ സാധിച്ചു.കഞ്ഞിക്കുഴി മഹാത്മ സ്വയം സഹായ സംഘത്തിലെ 20 കർഷകർ കഠിനാധ്വാനം ചെയ്ത് ഉല്പാദിപ്പിച്ച് വിളവെടുത്ത പൈനാപ്പിൾ ആണ് ഹൈറേഞ്ചിലെ പൈനാപ്പിൾ ചലഞ്ചിലെത്തിച്ചത്.