തൊടുപുഴ : ഇനിയുമിവിടെ അപകടം ഉണ്ടാവാതിരിക്കാൻ രാവിലെ തന്നെ കുട്ടയും തൂമ്പയും ചൂലുമായി യുവജന ക്ഷേമ ബോർഡിന്റെ തൊടുപുഴ നഗരസഭയിലെ യൂത്ത് ഫോഴ്‌സ് അംഗങ്ങൾ റോഡിലിറങ്ങി. കഴിഞ്ഞ ഏതാനും ദിവസമായി തൊടുപുഴ പാലാ റോഡിലെ തീയേറ്ററിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുക പതിവായിരുന്നു. രാത്രി സമയത്തുൾപ്പെടെയുള്ള അപകടങ്ങളിൽ നിരവധിയാളുകൾ പരിക്കേറ്റ് ചികിത്സ തേടുന്ന സാഹചര്യവുമുണ്ടായി. അപകട സ്ഥലത്ത് റോഡിൽ പരന്ന് കിടക്കുന്ന ചരൽക്കല്ലുകളാണ് വില്ലൻ. സമീപത്തെ കെട്ടിടം പണിക്കായി ഇറക്കിയിട്ടുള്ള മണൽ കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പണി നിർത്തി വയ്ക്കുക കൂടി ചെയ്തതോടെ റോഡിൽ വീണ മണൽ ആരും നീക്കം ചെയ്തില്ല. ഇതോടെ ഇവിടം ടൂ വീലറിൽ വരുന്നവർക്ക്അപകടക്കെണിയായി മാറുകയായിരുന്നു. നിരവധി പ്രാവശ്യം കെട്ടിടം ഉടമകളെ വിളിച്ച് അപകടാവസ്ഥ ധരിപ്പിച്ചു. എന്നാൽ മണൽ വാരി നീക്കാൻ നടപടി ഒന്നുമുണ്ടായില്ല. വരും ദിവസങ്ങളിലും മഴ പെയ്താൽ ഇനിയും മണൽ റോഡിലേക്ക് ഒഴുകുന്നതിനും കൂടുതൽ അപകടത്തിനും സാദ്ധ്യയതയുമുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് ഓഫീസ് പ്രവർത്തിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് അധികൃതരും വിഷയത്തിൽ ഇടപ്പെട്ടില്ല. ഇതോടെയാണ് നഗരസഭയിലെ യുവജന ക്ഷേമ ബോർഡിന്റെ വോളന്റിയർമാർ റോഡിലെ മണൽ നീക്കം ചെയ്ത് അപകട സാഹചര്യമൊഴിവാക്കാൻ രംഗത്തിറങ്ങിയത്. റോഡിൽ വീണ മണൽ മുഴുവൻ നീക്കം ചെയ്ത ശേഷമാണ് വോളന്റിയർമാർ മടങ്ങിയത്. പ്രവർത്തനങ്ങൾക്ക് യൂത്ത് കോർഡിനേറ്റർ ഷിജി ജയിംസ്, യൂത്ത് വോളന്റിയർമാരായ ഫെനക്‌സ് പോൾ, ജിത്തു ഗണേഷ് എന്നിവർ നേതൃത്വം നൽകി.