തൊടുപുഴ: കൊവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന ജില്ലയിലെ അവസാന രോഗിയും ഇന്നലെ ആശുപത്രി വിട്ടു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുമ്പംകല്ല് സ്വദേശിയാണ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങിയത്. നിസാമുദ്ദീനിലെ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത ഇദ്ദേഹത്തിന് അവിടെ നിന്നാണ് രോഗം പകർന്നതെന്നാണ് സംശയം. കഴിഞ്ഞ ശനിയാഴ്ച ഇയാളുടെ രോഗം ഭേദമായിരുന്നു. തുടർന്നാണ് ഇന്നലെ വിട്ടയച്ചത്. മാർച്ച് 8 ന് ഹരിയാനയിൽ തബ്‌ലീഗ് പ്രവർത്തനങ്ങൾക്കായി എത്തി അവിടെ നിന്നാണ് ഇദ്ദേഹം ദൽഹിയിലെത്തുന്നത്. 23ന് നാട്ടിൽ തിരികെ എത്തി. ചെറിയ പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തി. അവർ മരുന്ന് നൽകുകയും മടങ്ങുകയും ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ തിരിച്ചെത്താൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോവിഡ് ബാധിതനാണെന്ന് അറിയുന്നത്.
''ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചാണ് കഴിഞ്ഞ 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞത്. ഇപ്പോഴും തനിക്ക് രോഗം ബാധിച്ചെന്നത് വിശ്വസിക്കാനാകുന്നില്ല. ആശുപത്രി വാസം ആശങ്ക ഉളവാക്കിയിരുന്നു. പലരും വിവരമറിഞ്ഞ് ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. അസുഖം മാറിയോ, എങ്ങനെയാണ് രോഗം വന്നത് എന്നൊക്കെയാണ് എല്ലാവർക്കും അറിയേണ്ടിയിരുന്നത്. വീട്ടിലുള്ളവരും നിരീക്ഷണത്തിൽ കഴിയുന്ന സാഹചര്യമാണ്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡും ഏകാന്തവാസവുമൊക്കെ ഒരു അനുഭവമായിരുന്നു."
- ആശുപത്രി വിട്ട തബ്‌ലീഗ് പ്രവർത്തകൻ