ക്ഷീര കർഷകർക്ക് 18.5 ലക്ഷം രൂപയുടെ ധനസഹായം

ഇടുക്കി : കൊവിഡ് എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിൽ ആക്കിയപ്പോൾ തളരാതെ നിൽക്കുന്നത് ക്ഷീരമേഖല മാത്രം. ക്ഷീരമേഖലയിൽ അവിചാരിതമായി ഉണ്ടായ പാൽ സംഭരണ പ്രതിസന്ധിയിൽ സർക്കാർ ഫലപ്രദമായി ഇടപെടുകയും അടിയന്തിര പരിഹാരം കാണുകയും ചെയ്തതിന്റെ ഫലമായി ഒരു ദിവസം പോലും മുടക്കം വരാതെ പാൽ സംഭരണം നടത്താൻ സാധിച്ചു.

ജില്ലയിൽ ക്ഷീരസംഘങ്ങളിലൂടെയുള്ള പ്രതിദിന പാൽ സംഭരണം 1,52,000 ലിറ്റർ ആണ്.ഇതിൽ 1,22,000 ലിറ്ററും മിൽമയ്ക്ക് നൽകുന്നു. 30,000 ലിറ്ററോളം പ്രാദേശികമായി വിറ്റഴിക്കുന്നു.

ക്ഷീരവികസനവകുപ്പ് മുൻകരുതൽ എടുത്തതിന്റെ ഭാഗമായി ലോക്ക് ഡൗൺ കാലഘട്ടത്തിലും ക്ഷീര കർഷകർക്ക് ക്ഷീരസംഘങ്ങൾ മുഖേന ആവശ്യത്തിനു വൈക്കോൽ, കാലിത്തീറ്റ എന്നിവ ഇറക്കി നൽകി.
ക്ഷീരമേഖലയിൽ ഉണ്ടായ പ്രതിസന്ധികൾ നേരിടേണ്ടി വന്നതിനാൽ ക്ഷീരകർഷകർക്ക് കൂടുതൽ സഹായധനം നൽകുന്നതിന്റെ ഭാഗമായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ക്ഷീരസംഘത്തിൽ 2020 മാർച്ച് 1 മുതൽ 20 വരെ അളന്ന പാലിനു ലിറ്ററിനു 1 രൂപ പ്രകാരം എല്ലാ ക്ഷേമനിധി അംഗങ്ങൾക്കും പ്രത്യേക ആശ്വാസ സഹായമായി നൽകാൻ തീരുമാനിച്ചിരുന്നു. ഒരു ക്ഷീര കർഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ഇത്തരത്തിൽ ക്ഷീര കർഷകർക്ക് ക്ഷീരസംഘങ്ങൾ മുഖേന നൽകാൻ തീരുമാനിച്ചിരുന്നത്. ലോക്ക്ഡൗൺ കാലത്ത് അവശ്യസർവീസ് ആയി പ്രഖ്യാപിക്കപ്പെട്ട ക്ഷീരമേഖലയിൽ, ഇടുക്കി ജില്ലയിലെ 190 ക്ഷീരസംഘങ്ങളിൽ നിന്നും ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങളായ 5532 കർഷകർക്ക് 18,50,287 രൂപ വിതരണം ചെയ്തു. ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ പെൻഷൻ, കുടുംബപെൻഷൻ എന്നിവ ക്ഷീരകർഷകർക്ക് നൽകിക്കഴിഞ്ഞു.
കൂടാതെ കോവിഡ് ബാധിതരായ ക്ഷേമനിധി അംഗങ്ങളായ ക്ഷീര കർഷകർക്ക് ഓരോരുത്തർക്കും 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷേമനിധി അംഗങ്ങളായ ഓരോ ക്ഷീരകർഷകർക്കും 2000 രൂപയും ധനസഹായം ക്ഷീര സംഘങ്ങളിലൂടെ നൽകുന്നതാണ്.