തൊടുപുഴ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഇന്നലെ ജില്ലയിലെ ടൗണുകളിൽ വൻ തിരക്ക്. വിഷു പ്രമാണിച്ചാണ് നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുജനങ്ങൾ കൂട്ടത്തോടെ നിരത്തുകളിൽ ഇറങ്ങിയത്. യാതൊരു സുരക്ഷാ മുൻകരുതലും സ്വീകരിക്കാതെയാണ് പലരും മാർക്കറ്റുകളിൽ എത്തിയത്. പഴം, പച്ചക്കറി, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ വാങ്ങുന്നതിനുമാണ് ഒരു കുടുബത്തിൽ നിന്ന് രണ്ടും മൂന്നും ആളുകൾ ഒരുമിച്ച് മാർക്കറ്റുകളിൽ എത്തിയത്. മത്സ്യ, ഇറച്ചി വിപണന കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പതിവിന് വിരുദ്ധമായി കൂടുതൽ കടകളും ഇന്ന് തുറന്നുപ്രവർത്തിച്ചിരുന്നു. പലയിടത്തും കൊന്നപ്പൂ വിൽക്കുന്നവരെയും കാണാമായിരുന്നു. തൊടുപുഴ മാർക്കറ്റിലടക്കം സാധാരണ ദിവസം പോലെയാണ് കച്ചവടം നടന്നത്. കൂട്ടത്തോടെ ഇറങ്ങിയതിനെ ചോദ്യം ചെയ്യുമ്പോൾ ജില്ല രോഗമുക്തമായെന്ന മറുപടിയാണ് പലരും നൽകുന്നത്. എന്നാൽ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്നും നാലായിരത്തോളം പേർ ഇപ്പോഴും ഇനിയും ജില്ലയിൽ നിരീക്ഷണത്തിലുണ്ടെന്നതും പലരും ഓർക്കുന്നില്ല. ഈസ്റ്ററിന് തലേന്നും ഇത്തരത്തിൽ ഇറച്ചികടകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു.