melsanthi

കട്ടപ്പന: വിഷുക്കാലത്തെ ആളും ആരവവും ആഘോഷവും ഒഴിഞ്ഞ് നഗരം. വിഷുസദ്യയും വിഷുക്കണിയും ഒരുക്കാൻ അവശ്യ സാധനങ്ങൾ വാങ്ങാനെത്തിയവർ മാത്രമായി ചുരുങ്ങി. മുൻവർഷങ്ങളിൽ സജീവമായിരുന്ന പടക്ക വിപണിയും കണിക്കൊന്ന വിൽപനയും ഇത്തവണ ഉണ്ടായില്ല. പച്ചക്കറി, പഴവർഗ കടകളിൽ മാത്രമാണ് തിരക്കുണ്ടായിരുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ മുൻവർഷങ്ങളിലേതുപോലെ സഹകരണ വകുപ്പിന്റേയോ, കുടുംബശ്രീയുടേയോ വിഷു വിപണികൾ പ്രവർത്തിച്ചില്ല.
വിഷുവിപണി ലക്ഷ്യമിട്ട് കർഷകർ ഉൽപാദിപ്പിച്ച കണിവെള്ളരിയും മറ്റു പച്ചക്കറികളും കിട്ടിയ ലാഭത്തിന് വിറ്റഴിച്ചു. നേന്ത്രക്കുല കച്ചവടക്കാർക്കും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. വിഷുസദ്യയിലെ പ്രധാന വിഭാഗങ്ങളായ ഉപ്പേരി, ശർക്കരവരട്ടി വിൽപനയും ഇത്തവണ ഉണ്ടായില്ല. മുൻവർഷങ്ങളിൽ വിഷുവിന്റെ തലേദിവസം കണ്ണിക്കൊന്ന വാങ്ങാൻ നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്. ഇത്തവണ കണിക്കൊന്ന കച്ചവടക്കാർ പോലും ഉണ്ടായിരുന്നില്ല. പുലർച്ചെ വിഷുക്കണി കണ്ടുകഴിഞ്ഞ് പടക്കങ്ങൾ പൊട്ടിച്ചും പുത്തിരി കത്തിച്ചുമൊക്കെയാണ് ആഘോഷം ആരംഭിക്കുന്നത്. ഇത്തവണ പടക്ക കച്ചവടക്കാർക്കും വലിയ നഷ്ടമാണ് സംഭവിച്ചത്. വിഷുക്കാലം ലക്ഷ്യമിട്ട് ലക്ഷക്കണക്കിനു രൂപയുടെ പടക്കങ്ങൾ എത്തിച്ചവർ സാമ്പത്തിക പ്രതിസന്ധിയിലായി.