മുട്ടം: കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ വിഷമതയനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമാകുകയാണ് കുടയത്തൂർ സേവാഭാരതി. ലോക് ഡൗൺ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തിൽ പ്രധാന ജങ്ഷനുകളിൽ കൈ കഴുകുന്നതിനുള്ള സംവിധാനം ഒരുക്കിയതിനൊപ്പം ജനങ്ങൾ സ്വീകരിക്കേണ്ട ജാഗ്രത വിശദമാക്കി 1500 ലഘുലേഖകൾ പഞ്ചായത്തിൽ വിതരണം ചെയ്തു. മാസ്ക്കുകൾ സാനിറ്റൈസർ എന്നിവ റേഷൻ കടകൾ, പൊലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, അയുർവേദ ആശുപത്രി, ഹോമിയോ ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായി വിതരണം നടത്തി. കടകളിൽ പോയി റേഷൻ വാങ്ങാൻ കഴിയാത്ത ആളുകൾക്ക് റേഷൻ വാങ്ങി വീടുകളിൽ എത്തിച്ചു.കൂടാതെ നിരവധി ആളുകൾക്ക് മരുന്ന് വാങ്ങി നൽകി.കാഞ്ഞാർ മുതൽ മുട്ടം വരെയുള്ള വിവിധ പ്രദേശങ്ങളിൽ അണു നശീകരണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് കെ.എൻ.രാജുവിന്റെ നേതൃത്വത്തിൽ കെ.യു.ബിജു, കെ.എസ്.പ്രസന്നകുമാർ, വി.കെ.സാജൻ, സുരേന്ദ്രബാബു, കെ.എൻ.ഷിബു, കെ.എ.വിഷ്ണു, ടി.പി.ചന്ദ്രശേഖരപിള്ള എന്നിവരാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.