തൊടുപുഴ: പുഴയിൽ നീന്തുന്നതിനിടെ ഒഴുക്കിൽ പെട്ട യുവാവിന് രക്ഷകനായത് റിട്ട: കെഎസ്ആർടിസി ഡ്രൈവർ. തിങ്കളാഴ്ച വൈകിട്ട് 6ന് ഒളമറ്റം ആലപ്പാട്ട് കടവിലാണ് ഒളമറ്റം മൂലംമുണ്ടയിൽ ജോസഫിന്റെ മകൻ ആൽബിൻ (19) നീന്തുന്നതിനിടെ അപകടത്തിൽ പെട്ടത്.കൊഴുവനാൽ സ്വദേശിയായ ഇവർ ഒളമറ്റത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ആലപ്പാട്ട് കടവിന്റെ മുകൾ ഭാഗത്ത് കൂട്ടുകാരുമൊത്ത് നീന്തുകയായിരുന്ന ആൽബിൻ താഴെ ഭാഗത്തേക്ക് എത്തിയപ്പോൾ നീന്താൻ സാധിക്കാതെ വന്നു. ഈ സമയം ആലപ്പാട്ട് കടവിൽ കുളിച്ചു കൊണ്ടിരുന്ന റിട്ട. കെഎസ്ആർടിസി ഡ്രൈവർ ആലപ്പാട്ട് വേണുഗോപാൽ ഉടൻ ആൽബിന്റെ സമീപം നീന്തിയെത്തുകയും തോർത്ത് ഇട്ട് കൊടുത്ത് ആൽബിനെ കരയ്ക്കടുപ്പിക്കുകയും ചെയ്തു. നൂറ് മീറ്ററോളം ദൂരത്തിൽ യുവാവ് നീന്താൻ സാധിക്കാതെ താഴേക്ക് ഒഴുകി.അവശതയോടെ കരയ്ക്ക് എത്തിയ യുവാവ് അൽപസമയം കഴിഞ്ഞ് സാധാരണ നിലയിലായി. തൊടുപുഴയിൽ എക്സ്റേ ടെക്നീഷ്യൻ കോഴ്സിന് പഠിക്കുകയാണ് ആൽബിൻ. ആൽബിനെ രക്ഷപെടുത്തിയ വേണുഗോപാൽ ഇപ്പോൾ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഡ്രൈവറാണ്.