തൊടുപുഴ: കൊവിഡ്- 19ന്റെ ലോക്ക്ഡൗൺ കാലത്ത് സഹകരിച്ച ജില്ലയിലെ ജനങ്ങൾക്ക് അഭിനന്ദനവുമായി ഇടുക്കി ഡി.സി.സി. ആരോഗ്യ പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ അക്ഷീണമായ പ്രയത്‌നം എടുത്തുപറയേണ്ടതാണ്. എന്നാൽ തമിഴ്‌നാട്ടിലുള്ള അയൽ ജില്ലകളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ഉത്കണ്ഠാകുലമാണ്. അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണം ഏർപ്പെടുത്തി തമിഴ്‌നാട്ടിൽ നിന്നുമുള്ളവരുടെ വരവുണ്ടാകാതിരിക്കാൻ കർക്കശ നടപടികൾ വേണമെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.
സാലറി ചലഞ്ചിൽ നിന്ന് ലോക്ക്ഡൗൺ കാലത്ത് സമൂഹത്തിനു വേണ്ടി പ്രയത്‌നിച്ച ആരോഗ്യ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക അടുക്കളകളിൽ പുറത്തു നിന്നുള്ള ആർക്കും പ്രവേശനം ഇല്ലെന്ന് സർക്കാർ നിബന്ധന സി.പി.എം നേതാക്കൾക്ക് ബാധകമല്ലേ. ഹൈറേഞ്ചിലെ പല പഞ്ചായത്തുകളിലും സി.പി.എം നേതാക്കൾ സാമൂഹ്യ അടുക്കളയിലൂടെ കയറിയിറങ്ങുന്നതായി പരാതിയുണ്ട്.ലോക്ക് ഡൗൺ കാലത്ത് കാർഷിക മേഖലയിൽ കൂടുതൽ ഇളവുകൾ നൽകണമെന്നും സാമൂഹിക അകലം പാലിച്ച് ജോലികൾ ചെയ്യാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തോട്ടം തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ഒരാനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ലോക്ക്ഡൗൺ മൂലം നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്കുള്ള വേതനം തൊഴിൽ വകുപ്പ് തന്നെ ഇവർക്ക് നൽകണം. കൊവിഡ്- 19 കാലഘട്ടത്തിൽ ഏലം, കുരുമുളക്, കാപ്പി, തേയില, വാഴ, ജാതി, ഗ്രാമ്പു, കൊക്കോ തുടങ്ങിയ വിളകൾക്ക് ഉണ്ടായ വിളവെടുപ്പ് നാശനഷ്ടം, അനുബന്ധ ജോലികൾ ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് കൃഷിഭവനുകളുടെ നേതൃത്വത്തിൽ അടിയന്തരമായി നാശനഷ്ടം വിലയിരുത്താൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.