അടിമാലി : ലോക്ക് ഡൗൺകാലത്ത് വിവിധ സർക്കാർ വകുപ്പുകൾ കൈകോർത്തതോടെ കാൻസർ രോഗിയായ ബൈസൺവാലി സ്വദേശി ഷാജി തോമസിന് ചികിത്സ സാദ്ധ്യമായി. മുട്ടുകാട് മുകുളേൽ ഷാജി തോമസ് കീമോതെറാപ്പിക്ക് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ പോകാനാകാതെ വിഷമഘട്ടത്തിലാണ് ചികിത്സാ സഹായം തേടി വാർഡ് മെമ്പറെ ബന്ധപ്പെട്ടു. വിവരം രാജകുമാരി പഞ്ചായത്ത് സെക്രട്ടറി നിസ്സാറിന്റെ ശ്രദ്ധയിൽ പെട്ടതോടെ ചികിത്സ ലഭ്യമാക്കുന്നതിന്റെ സാധ്യതകൾ തേടി. രാജകുമാരി പഞ്ചായത്ത് സെക്രട്ടറി വഴി അടിമാലി ഫയർസ്റ്റഷനുമായി ബന്ധപ്പെടുകയും സ്റ്റേഷൻ ഓഫീസർ വി.എം സുനിൽകുമാർ റീജിയണൽ ഫയർ ഓഫീസർ വഴി ഡയറക്ട്രേറ്റുമായി ബന്ധപ്പെട്ട് രോഗിയെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യമായി എത്തിക്കുന്നതിന് പ്രത്യേക അനുമതി വാങ്ങി. നിർധന കുടുംബത്തിന് സഹായവുമായി അടിമാലി അഗ്‌നിരക്ഷാസേന രംഗത്തെത്തിയതോടെ ചികത്സക്കുള്ള വഴി തെളിഞ്ഞു. വിഷു ദിനത്തിൽ ഉച്ചയോടെ അടിമാലിയിൽ നിന്ന് അഗ്‌നിരക്ഷാ സേനയുടെ ആംബുലൻസിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്ക് പുറപ്പട്ടു. രാത്രിയോടെ രോഗിയെ തിരുവനന്തപുരത്തെത്തിച്ച് മടങ്ങിയ സേനാംഗങ്ങൾ കാൻസർ രോഗികൾക്ക് ആവശ്യമായ മരുന്നുകളുമായാണ് തിരികെ എത്തിയത്. ലോക്ഡൗൺ പ്രഖ്യാപിച്ചതു മൂലം യാത്രാ സൗകര്യമില്ലാതെ ചികിത്സക്കായി ഷാജി ബുദ്ധിമുട്ടിയ ഘട്ടത്തിലാണ് പഞ്ചായത്തും അഗ്‌നിരക്ഷാസേനയും ഇടപെട്ടത്. ദേശീയ അഗ്‌നി ശമന സേനാ ദിനമായ ഏപ്രിൽ 14ന് കാരുണ്യ പ്രവർത്തനം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സേനാംഗങ്ങൾ. സ്റ്റേഷൻ ഓഫീസർ വി.എം സുനിൽകുമാർ, അഗ്‌നിരക്ഷാ സേനാംഗങ്ങളായ ശ്യാം ബാബു, രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് ഷാജിയെ തിരുവനന്തപുരം ആർ.സി.സിയിൽ എത്തിച്ചത്.