കുമളി : അതിർത്തി കടത്തി തൊഴിലാളികളെ കേരളത്തിലെത്തിക്കുന്നത് അനുവദിക്കാനാകില്ലെന്ന് മന്ത്രി എം. എം. മണി പറഞ്ഞു.മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കുമളി ഗ്രാമപഞ്ചായത്തിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന തുടർന്നതോടെ തമിഴ്‌നാട്ടിൽ നിന്നും അനധികൃത വഴികളിലൂടെ ആളുകൾ ഇങ്ങോട്ടു കടക്കാൻ ശ്രമിക്കുന്നു. ഇത് അനുവദിക്കാനാകില്ല. അവിടുന്ന് ഇങ്ങോട്ടും തിരിച്ചും ആളുകൾ കടക്കുന്നത് ഇരു സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കും. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നിതാന്ത ജാഗ്രത പുലർത്തണം. ജനപ്രതിനിധികൾ അതത് വാർഡുകളിൽ ശ്രദ്ധ ചെലുത്തണം. പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. തമിഴ്‌നാടുമായി അഭേദ്യമായ ബന്ധമാണ് കേരളത്തിനും, പ്രത്യേകിച്ച് ഇടുക്കി ജില്ലയ്ക്കും ഉള്ളത്. .

കൊവിഡ് പ്രതിരോധത്തിനായി കർമ്മനിരതരാകേണ്ട ഉദ്യോഗസ്ഥർ ചുമതലകളിൽ ഒഴിഞ്ഞു മാറരുത്. പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ നടപടി യോഗത്തിൽ ഉയർന്നപ്പോഴായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. അഴുത ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൾ റസാഖിന് പുസ്തക രചനയിലൂടെ ലഭിച്ച 20,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രിക്ക് കൈമാറി.
ഇ. എസ്. ബിജിമോൾഎം. എൽ. എ., കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് കുസുമം സതീഷ്, വണ്ടന്മേട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി റെജി, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.