ഇടുക്കി : ലോക്ക് ഡൗൺ കാലത്ത് ജില്ലാ കുടുംബശ്രീ മിഷൻ ജില്ലയിലെ ഒന്നരലക്ഷത്തിലധികം വരുന്ന കുടുംബശ്രീ കുടുംബങ്ങൾക്ക് അടുക്കളത്തോട്ടം നട്ടുപരിപാലിക്കുന്നതിന് മൽസരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്ലാ കുടുംബശ്രീ കുടുംബങ്ങളിലും അടുക്കളത്തോട്ടം തയ്യാറാക്കി പോഷക സമൃദ്ധവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായ പച്ചക്കറികൾ ഉത്പ്പാദിപ്പിച്ച് കുടുംബങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുകയും മിച്ചമുള്ള പച്ചക്കറികൾ വിറ്റഴിച്ച് അധിക വരുമാനം നേടുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറിയുത്പ്പാദനത്തിൽ സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്ന നമ്മുടെ സർക്കാരിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനും പച്ചക്കറികളുടെ കാര്യത്തിൽ അയൽ സംസ്ഥാനങ്ങളോടുള്ള ആശ്രിതത്വം കുറച്ച്, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ സ്വന്തമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. സി.ഡി.എസ്സ് തലത്തിലാണ് മൽസരം സംഘടിപ്പിക്കുന്നത്.

അടുക്കളത്തോട്ടത്തിന് കുറഞ്ഞത് ഒരു സെന്റ് വിസ്തൃതി ഉണ്ടായിരിക്കണം. വിളവിനങ്ങളുടെ വൈവിദ്ധ്യത്തിനായിരിക്കണം കൂടുതൽ പ്രാധാന്യം നൽകേണ്ടത്. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുടുംബശ്രീ കുടുംബങ്ങൾ ഏപ്രിൽ 20 നകം കുടുംബശ്രീ സി.ഡി.എസ്സുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂലായ് 20 മുതൽ ആഗസ്റ്റ് 10 വരെയുള്ള കാലയളവിൽ അടുക്കളത്തോട്ടം സന്ദർശിച്ച് വിലയിരുത്തൽ നടത്തി വിജയികളെ കണ്ടെത്തും.

കാഷ്പ്രൈസ്

ഓരോ സി.ഡി.എസ്സിലും ഒന്നും, രണ്ടും, മൂന്നും സ്ഥാനത്തു വരുന്ന കുടുംബങ്ങൾക്ക് യഥാക്രമം 1001, 501, 251 രൂപ വീതം കാഷ് പ്രൈസ് നൽകും.