കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രഥമ ജനറൽ കൺവീനറും കട്ടപ്പന സെന്റ് ജോർജ് ഫെറോനാ പള്ളി മുൻ വികാരിയുമായ ഫാ. ജോസ് തെക്കേലി(79)നു ഹൈറേഞ്ചിന്റെ വിശ്വാസികളുടെ യാത്രാമൊഴി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്റ്റപിറ്റലിൽ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. 1968 ഡിസംബർ 18ന് പൗരോഹിത്യം സ്വീകരിച്ചു. കല്ലാർ, ചങ്ങനാശേരി കത്തീഡ്രൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പള്ളികളിൽ അസിസ്റ്റന്റ് വികാരിയായും ആർച്ച് ബിഷപ് മാർ ആന്റണി പടിയറയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ശേഷം വെഞ്ചെമ്പ്, വണ്ടൻപതാൽ, തരകനാട്ടുകുന്ന്, കുമളി, കണ്ണിമല, കോരുത്തോട്, മുണ്ടക്കയം, പുത്തൻ കൊരട്ടി, കട്ടപ്പന എന്നിവിടങ്ങളിൽ വികാരിയായി. 2004 മുതൽ 2008 വരെയാണ് ഇദ്ദേഹം കട്ടപ്പന ഇടവകയിൽ സേവനമനുഷ്ഠിച്ചത്. മാർ മാത്യു അറയ്ക്കൽ, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രഥമ ജനറൽ കൺവീനറായിരുന്നു. തുടർന്ന് നടന്ന പട്ടയ, ഭൂസമരങ്ങളിൽ നിർണായക പങ്കുവഹിച്ചു. സമിതിയുടെ കേന്ദ്ര കമ്മിറ്റിയിൽ മുഴുവൻ സമുദായ പ്രതിനിധികളെയും ഉൾപ്പെടുത്തി സമിതിക്ക് പൊതുസ്വീകാര്യത ഉണ്ടാക്കിയതും ഫാ. തെക്കേലാണ്. കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്കൂൾ, സെന്റ് ജോർജ് എൽ.പി. സ്കൂൾ, നിത്യാരാധന ചാപ്പൽ എന്നിവയുടെ നിർമാണത്തിനും നേതൃത്വം നൽകി. മാർ മാത്യു അറയ്ക്കൽ, മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ ഫാ. ജസ്റ്റിൻ പഴേപറമ്പിൽ എന്നിവരുടെ കാർമികത്വത്തിൽ വഞ്ചിമല സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുള്ളതിനാൽ വെബ് കാസ്റ്റിംഗിലൂടെ വിശ്വാസികൾ സംസ്കാരച്ചടങ്ങുകൾ തത്സമയം വീക്ഷിച്ചു. സഹോദരങ്ങൾ: മാത്യു ടി.സി. (തെലുങ്കാന), സിസ്റ്റർ ക്രിസ്റ്റി (കാഞ്ഞിരപള്ളി)