തൊടുപുഴ: കൊവിഡ്- 19 ന് ശേഷം വരാനിരിക്കുന്ന കാർഷിക മേഖലയിലെ പ്രതിസന്ധി മൂൻകൂട്ടി കണ്ട് സമഗ്രമായ കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം ഉൾപ്പെടെ വരാതിരിക്കാനുള്ള സമഗ്രമായ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും പ്രധാനമന്ത്രിയ്ക്കും കത്ത് നൽകിയതായി എം.പി പറഞ്ഞു. കേന്ദ്രസർക്കാർ പാർലമെന്റ് മന്ദിരം പണിയുന്നതിനും മറ്റും 20,000 കോടി രൂപ ഉപയോഗിക്കുന്നതും മുഖ്യമന്ത്രി പിണറായി പി.ആർ ഏജൻസിക്കുവേണ്ടി ലക്ഷങ്ങൾ വകമാറ്റുന്നതും കർഷകരോടുള്ള തികഞ്ഞ അവഹേളനമാണ്. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പലിശരഹിത വായ്പകൾ അനുവദിക്കണം. മൊറട്ടോറിയം കാലയളവിൽ ബാങ്കുകൾ പലിശ ഇളവ് നൽകണം. മുഴുവൻ വായ്പകളും ആറ് മാസം മുതൽ ഒരു വർഷം വരെ റീഷെഡ്യൂൾ ചെയ്യണം. സാലറി ചലഞ്ചിൽ ഉൾപ്പെടെ പിടച്ചെടുക്കുന്ന പണവും ധൂർത്തടിച്ചു കളയുന്ന പണവും എല്ലാം കർഷകർക്കുള്ള ആനുകൂല്യങ്ങളായി പ്രഖ്യാപിക്കണം. സർക്കാർ ഏജൻസികൾ വഴി കാർഷിക ഉത്പന്നങ്ങൾ സംഭരിക്കണം. ലോക്ക്ഡൗൺ കാലഘട്ടത്തിൽ കുരുമുളകിനും ഏലത്തിനും ഉൾപ്പെടെ ലഭ്യമായിരുന്ന വില കുറയാതിരിക്കാൻ സർക്കാർ ഏജൻസികൾ വഴി ന്യായ വിലയ്ക്ക് സംഭരണം ഉറപ്പാക്കണം.
റബ്ബറിന്റെ വിലസ്ഥിരതാ ഫണ്ട് 200 രൂപയായി ഉയർത്തുകയും കുടിശ്ശിക ഉടൻ തന്നെ കർഷകർക്ക് വിതരണം ചെയ്യുകയും വേണം. റബ്ബർ വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറക്കണം. കേന്ദ്രസർക്കാർ 20 മുതൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകളിൽ വിട്ടുപോയ ഏലം മേഖല കൂട്ടിച്ചേർക്കണമെന്ന് ആവശ്യപ്പെട്ട് പ്രധനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്കും കത്ത് നൽകിയിട്ടുണ്ട്. ഏലം ലേലം നിബന്ധനകൾക്ക് വിധേയമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പൈസസ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. ന്യായവില ഉറപ്പാക്കാൻ ഓക്ഷനേഴ്‌സിന്റെയും പ്ലാന്റേഴ്‌സിന്റെയും കച്ചവടക്കാരുടെയും സംയുക്ത യോഗം കളക്ടറുടെ സാന്നിധ്യത്തിൽ വിളിച്ച് ചേർക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുകിട തേയില കർഷകരുടെ കൊളുന്ത് എടുക്കാൻ പ്രത്യേക ഉത്തരവ് വേണമെന്ന് കമ്പനികൾ ശാഠ്യം പിടിക്കുന്നത് അനുവദിക്കാനാവില്ല.