tea

കട്ടപ്പന: ഫാക്ടറികൾ കൊളുന്ത് സംഭരിക്കാൻ തയ്യാറാകാതായതോടെ കൊളുന്ത് നശിപ്പിക്കേണ്ട ഗതികേടിൽ ചെറുകിട തേയില കർഷകർ. നിബന്ധനകളോടെ തേയില തോട്ടം മേഖലയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയെങ്കിലും വിളവെടുക്കുന്ന കൊളുന്ത് വിൽക്കാനാകാത്ത സ്ഥിതിയാണ്. ജില്ലയിൽ 15,446 ചെറുകിട തേയില കർഷകരാണുള്ളത്. ഇളവുകൾ പ്രഖ്യാപിച്ചശേഷം ഏതാനും ഫാക്ടറികൾ മാത്രമാണ് തുറന്നുപ്രവർത്തനമാരംഭിച്ചത്. മറ്റുള്ളവ തുറക്കുമെന്നതു സംബന്ധിച്ച് തീരുമാനമായില്ല. നിലവിൽ പ്രവർത്തനമാരംഭിച്ച ഫാക്ടറികളിൽ വൻകിട തോട്ടങ്ങളിൽ നിന്നുള്ള കൊളുന്ത് മാത്രമാണ് സംഭരിക്കുന്നത്. സംസ്‌കരിച്ച് തേയിലപ്പൊടി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ കൊളുന്ത് സംഭരിക്കുന്നതിനാൽ പുറത്തുനിന്ന് കൊളുന്ത് എടുക്കേണ്ടതില്ലെന്നാണ് ഫാക്ടറി ഉടമകളുടെ തീരുമാനം. ഇതോടെ ചെറുകിട കർഷകർ വിളവെടുക്കുന്ന കൊളുന്ത് നശിപ്പിച്ചു കളയേണ്ട സ്ഥിതിയായി. ഇതിലൂടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ഏപ്രിൽ മൂന്നിനാണ് നിബന്ധനകളോടെ തേയില തോട്ടങ്ങൾ തുറക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ദിവസങ്ങളോളം വിളവെടുപ്പ് മുടങ്ങിയതോടെ നിരവധി കർഷകരുടെ തോട്ടങ്ങളിലെ വളർന്നുപോയ ചെടികൾ കവാത്ത് ചെയ്യേണ്ടിവന്നു. ഒരുതവണ വെട്ടിക്കളഞ്ഞാൽ പിന്നീട് രണ്ടുമാസത്തിനുശേഷമേ കൊളുന്തെടുക്കാൻ കഴിയൂ. എന്നാൽ ശേഷിക്കുന്ന സ്ഥലങ്ങളിലെ കൊളുന്ത് വിളവെടുത്തെങ്കിലും ഫാക്ടറികൾ സംഭരിക്കാതെ കൈയൊഴിഞ്ഞതോടെ തേയിലക്കൃഷി ഉപജീവനമാക്കിയ കർഷകർ പട്ടിണിയിലാണ്. വൻകിട തേയില തോട്ടങ്ങളിൽ സ്ഥിരം തൊഴിലാളികളുള്ളതിനാൽ പരമാവധി കൊളുന്ത് വിളവെടുത്ത് സംസ്‌കരിക്കുകയാണ്. ഫാക്ടറി പ്രവർത്തിക്കുന്നതിനാവശ്യമായ കൊളുന്ത് ഉള്ളതിനാൽ പുറത്ത് നിന്ന് വാങ്ങേണ്ടതില്ലെന്നും രണ്ട് മാസത്തിനുശേഷം കർഷകരിൽ നിന്നു കൊളുന്ത് സംഭരിക്കാമെന്നുമാണ് ഫാക്ടറി ഉടമകളുടെ വാദം. മുഴുവൻ ഫാക്ടറികളും പൂർണതോതിൽ പ്രവർത്തനമാരംഭിച്ചെങ്കിൽ മാത്രമേ കർഷകർക്ക് കൊളുന്ത് വിൽക്കാനാകൂ.


കിട്ടാനുള്ള ലക്ഷങ്ങൾ ഇനിയെന്ന്?

രണ്ടുവർഷം കഴിഞ്ഞിട്ടും ചെറുകിട കർഷകരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ നടപടിയില്ല. 2017 ഫെബ്രുവരി രണ്ടിന് ടീ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇടുക്കി എ.ഡി.എം എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ കർഷകർക്കനുകൂലമായി നിരവധി തീരുമാനങ്ങൾ എടുത്തിരുന്നു. കർഷകർക്കും സംഘങ്ങൾക്കും ടീ ബോർഡ് നൽകാനുള്ള തുക മൂന്നുവർഷമായിട്ടും വിതരണം ചെയ്തിട്ടില്ല. പുതുക്കൃഷി, റീപ്ലാന്റ്, കുഴൽക്കിണർ നിർമാണം, ഹാർവെസ്റ്റ് മെഷീൻ, വാഹനം എന്നീ വിഭാഗങ്ങളിലായി 1.40 കോടി രൂപയാണ് നൽകാനുള്ളത്. ഇതിൽ വാഹനങ്ങൾ വാങ്ങിയവരുടെ 35 ലക്ഷം രൂപ മാത്രമാണ് നൽകിയത്. 85 ലക്ഷം രൂപ 2017 മാർച്ച് 31ന് മുമ്പ് നൽകാമെന്നുള്ള ടീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉറപ്പും പാഴായി.


കർഷകരുടെ ആശയം കൈയാലപ്പുറത്ത്

കഴിഞ്ഞ നവംബറിൽ ടീ ബോർഡിന്റെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന സംഘം ജില്ലയിൽ എത്തി തേയില കർഷകരുമായി ചർച്ച നടത്തിയിരുന്നു. തേയിലക്കൃഷിയിലെ പ്രതിസന്ധിയെത്തുടർന്ന് കർഷകർ മറ്റൊരു ആശയം മുന്നോട്ടുവച്ചു. തേയിലതോട്ടങ്ങളിൽ ആടുവളർത്തുന്നതിനും വിവിധ ഫലസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും കർഷകർക്ക് സബ്‌സിഡി അനുവദിക്കണമെന്നായിരുന്നു നിർദേശങ്ങൾ. ഒരേക്കറിൽ അഞ്ച് ആടുകൾ എന്ന ആനുപാതത്തിൽ ആടുവളർത്തലിന് സഹായം ആവശ്യപ്പെട്ടു. കൂടാതെ ഓറഞ്ച്, ആപ്പിൾ, റമ്പൂട്ടാൻ തുടങ്ങിയവയ്ക്ക് ആനുകൂല കാലാവസ്ഥയായതിനാൽ ഇവ തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാനാകും. കർഷകരുടെ നിർദേശങ്ങൾക്ക് പച്ചക്കൊടി കാട്ടിയ സംഘം ഇവ പദ്ധതിയായി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടീ ബോർഡ് അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ തുടർനടപടി ഉണ്ടായില്ല.