കട്ടപ്പന: വീട്ടാവശ്യത്തിനു ഉപയോഗിക്കുന്ന കുളത്തിലെ വെള്ളത്തിൽ സാമൂഹിക വിരുദ്ധർ കീടനാശിനി കലർത്തി. നിർമലാസിറ്റി പാറയ്ക്കൽ പി.ജി. രാജന്റെ പുരയിടത്തിലെ കുളത്തിലാണ് കാർഷിക വിളകൾക്കുപയോഗിക്കുന്ന കീടനാശിനി കലർത്തിയായി കണ്ടെത്തിയത്. വെള്ളത്തിനു രുചി വ്യത്യാസവും വിഷത്തിന്റെ ഗന്ധവും അനുഭവപ്പെട്ടതോടെ കുളം പരിശോധിച്ചപ്പോഴാണ് കീടനാശിനി കലർത്തിയതായി അറിയുന്നത്. വീടിന്റെ പരിസരത്തുനിന്നു അകലെയാണ് കുളം. വീട്ടാവശ്യത്തിനും പുരയിടത്തിൽ ജലസേചനത്തിനും കുളത്തിലെ വെള്ളമാണ് ഉപയോഗിച്ചുവരുന്നത്. വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിൽ കുടിവെള്ള പദ്ധതി ആരംഭിക്കുന്നതിനുമുമ്പ് രാജന്റെ പുരയിടത്തിലെ കുളമായിരുന്നു പ്രദേശവാസികളുടെ ആശ്രയം.