തൊടുപുഴ: ലോക്ക് ഡൗൺ കാലത്ത് ഉപഭോക്താക്കളിൽ നിന്ന് അമിത വില ഈടാക്കിയ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇടുക്കി വിജിലൻസ് യൂണിറ്റിന്റെയും തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിന്റെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ തൊടുപുഴയിലെയും സമീപ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് നടപടി. കാരിക്കോട് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡെയ്‌ലി ഫ്രഷ് മാർട്ട് എന്ന പച്ചക്കറി വിൽപ്പന സ്റ്റാളിൽ അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥാപനം അടപ്പിച്ചു. ഒളമറ്റത്തുള്ള കൈരളി മിനി സൂപ്പർമാർക്കറ്റിനെതിരെയും അമിത വില ഈടാക്കിയതിന് നടപടി സ്വീകരിച്ചു. വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാർ, ഇൻസ്പക്ടർ എം.കെ. പ്രശാന്ത്കുമാർ, എസ്‌.ഐ കെ.എൻ. ഷാജി, എ.എസ്‌.ഐ ബിജു കുര്യൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.ബി. മൈതീൻ, സെബി മാത്യു, റേഷനിംഗ് ഇൻസ്‌പെക്ടർ പി.എസ്. ജയൻ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജിൻസ് സിറിയക്ക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം ഇടുക്കി വിജിലൻസ് യൂണിറ്റിന്റെയും വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളുടെയും നേതൃത്വത്തിൽ നടന്ന പരിശോധനകളിൽ ആകെ 66 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി അറിയിച്ചു.