തൊടുപുഴ: കൊവിഡ് രോഗമുക്തമായതിന് പിന്നാലെ ജില്ലയിൽ പലയിടങ്ങളിലും ഡെങ്കി പനി റിപ്പോർട്ട് ചെയ്യുന്നു. തൊടുപുഴയ്ക്ക് സമീപം ഇടവെട്ടി പഞ്ചായത്തിൽ രണ്ടുപേർക്കും കാഞ്ചിയാർ പഞ്ചായത്തിൽ ഒരാൾക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലെ ചില വാർഡുകളിൽ കഴിഞ്ഞയാഴ്ചയാണ് ആദ്യം രോഗം കണ്ടെത്തിയത്. നാലുപേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഇവർക്ക് രോഗം ഭേദപ്പെട്ടു. കോടിക്കുളം പഞ്ചായത്തിൽ രണ്ടുപേർക്കും രോഗം പിടിപെട്ടു. ഇവർ ചികിത്സ തേടിയ ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുകു നശീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും രംഗത്തുണ്ട്. തൊടുപുഴ നഗരസഭയിൽ രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ മൂന്നു തവണയായി ഫോഗിങ് ഉൾപ്പെടെ കൊതുകുനശീകരണപ്രവർത്തനങ്ങൾ നടത്തി. കൊതുകുനശീകരണത്തിന് ബോധവത്കരണവും നൽകി. വേനൽമഴയിൽ വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിലാണ് ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. കഴിഞ്ഞ മാസം വണ്ടിപ്പെരിയാറിലും ഒരാൾക്ക് ഡെങ്കുപനി പിടിപെട്ടിരുന്നു. ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിൽ വെള്ളിയാഴ്ച ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കൊതുകുനശീകരണപ്രവർത്തനങ്ങൾ നടത്തും. കോടിക്കുളത്തും മുതലക്കോടത്തും ഇന്നലെ കൊതുകുനിർമ്മാർജന പ്രവർത്തനം നടത്തി.