തൊടുപുഴ: കൊവിഡ് തീവ്രബാധിത ജില്ലയല്ലാത്ത ഇടുക്കിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയത് ആശ്വാസമായി. ജില്ലയിൽ ഭാഗികമായെങ്കിലും സാധാരണ ജനജീവിതം അനുവദിക്കുന്നത് ഉണർവാകും. പൊതുഗതാഗതം ഉണ്ടാകില്ലെങ്കിലും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാമെന്നത് ഏറെ നാളായി അടച്ചുപൂട്ടിയിരുന്ന മലയോരജനതയ്ക്ക് സന്തോഷം പകരുന്നതാണ്. 20ന് ശേഷമാകും ഇളവ് പ്രാവർത്തികമാകുക. എന്നാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടാകണം. എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. സാനിറ്റൈസറും കൈകഴുകാൻ സൗകര്യവും ഒരുക്കണം. നിരവധി കൊവിഡ് കേസുകളുള്ള തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അതിനാൽ ജില്ലാ അതിർത്തി പൂർണമായും അടച്ചിടും. ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല. മറ്റ് നിയന്ത്രണങ്ങളുണ്ടാകും. ഹോട്ടലുകളും കടകളും ഏഴ് മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് വിപണിയെ സജീവമാക്കുമെന്നാണ് പ്രതീക്ഷ. ഒരു മാസത്തോളമായി നിർജീവമായിരുന്ന വ്യാപാരമേഖലയ്ക്കും ഇളവ് ആശ്വാസകരമാണ്.