കുമളി: ലോക്ക് ഡൗൺ നിയന്ത്രണം മറികടന്ന് തൊഴിലാളികളുമായി എത്തിയ ജീപ്പ് നാട്ടുകാർ തടഞ്ഞു. ഇന്നലെ രാവിലെ ഏഴോടെയാണ് വണ്ടിപ്പെരിയാർ ഡൈമുക്ക് സ്വദേശികളായ 17 തൊഴിലാളികളെ കുത്തിനിറച്ച് ആനവിലാസം വള്ളിയാംതടത്ത് ജീപ്പ് എത്തിയത്. ഇവിടുത്തെ ഏലത്തോട്ടത്തിൽ ജോലിക്കെത്തിയവരായിരുന്നു ഇവർ. ജീപ്പ് ശ്രദ്ധയിൽപെട്ട നാട്ടുകാർ വണ്ടി തടഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തൊഴിലാളികളെ പറഞ്ഞയച്ചശേഷം ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ആരോഗ്യ സുരക്ഷ നിയമ പ്രകാരം കേസെടുത്തു.