തൊടുപുഴ : ലോക്ഡൗൺ കാലത്ത് സർവ്വീസ് നടത്താൻ കഴിയാതെ പോയ സ്വകാര്യ ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും നികുതി ഇളവ് നൽകണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും ആവശ്യപ്പെട്ടു. സ്വകാര്യ ബസ് ജീവനക്കാർ ദിവസക്കൂലിക്കാണ് ജോലി ചെയ്യുന്നത്. ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാർക്ക് മതിയായ സാമ്പത്തിക സഹായം അനുവദിക്കണം. നികുതി അടക്കാനുള്ള സമയ പരിധി ഏപ്രിൽ വരെ നീട്ടിയതു കൊണ്ടു മാത്രം പ്രതിസന്ധി തീരില്ല. സർവ്വീസ് നടത്താതെ സറണ്ടർ ഫോം ഒപ്പിട്ട് നൽകിയിട്ടുള്ള ബസ്സുകൾ നികുതിയിൽ നിന്നും ഒഴിവാക്കാൻ നിയമം ഉള്ളതിനാൽ ലോക്ഡൗൺ കാലയളവിൽ അനുപാതികമായ നികുതി ഇളവ് അനുവദിക്കാൻ നിയമ തടസ്സം ഉണ്ടാകേണ്ട കാര്യമില്ല.ലോക്ഡൗൺ മൂലം നീണ്ട ഒരു മാസക്കാലത്തിലേറെ ബസ്സുകൾ സർവ്വീസ് നടത്താനാകാതെ പോയതും ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടതും സർക്കാർ യാഥാർത്ഥ്യ ബോധത്തോടെ പരിഗണിക്കണമെന്ന് യു ഡി എഫ് നേതാക്കൾ അഭ്യർത്ഥിച്ചു.