തൊടുപുഴ: ഹൈറേഞ്ചിനെയും ലോ റേഞ്ചിനെയും പിടിച്ചുകുലുക്കി ഇടുക്കിയിൽ ഇടംപിടിച്ച കൊവിഡ് 19 വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ആദ്യം രോഗം സ്ഥിരീകരിച്ച കോട്ടയത്തിനൊപ്പം ഇടുക്കിക്കുമായി. മാർച്ച് 15ന് മൂന്നാർ ടീകൗണ്ടിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിനാലാണ് ജില്ല ഗ്രീൻ സോണിലെത്തിയത്. ബ്രിട്ടീഷ് പൗരനുൾപ്പെടെ പത്ത് പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. യു.കെ പൗരനുമായി സമ്പർക്കത്തിലായവരെ കണ്ടെത്താനായത് ആശ്വാസമായി. മാർച്ച് 25ന് ദുബായിൽ നിന്നെത്തിയ തൊടുപുഴ കുമാരമംഗലം സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചു. പിന്നീട് രോഗം സ്ഥിരീകരിച്ച ചെറുതോണി സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ സഞ്ചാരപാത നിയമസഭാ മന്ദിരം വരെ നീണ്ടെങ്കിലും സമ്പർക്കത്തിലിരുന്നവരെ കണ്ടെത്താൻ ആരോഗ്യവകുപ്പിനായി. ഇയാളുമായി സമ്പർക്കത്തിലിരുന്ന ആറു പേർക്ക് കൂടി രോഗം പകർന്നെങ്കിലും ഇവരെയെല്ലാം നേരത്തേ നിരീക്ഷണത്തിലാക്കിയിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാളും ഇടുക്കിയിലെ രോഗികളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുമായി സമ്പർക്കത്തിലിരുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവായതും ജില്ലയ്ക്ക് ഗുണകരമായി. ജില്ലാ കളക്ടർ എച്ച്. ദിനേശൻ, ഡി.എം.ഒ ഡോ.എൻ. പ്രിയ, ജില്ലാ പൊലീസ് മേധാവി പി.കെ. മധു തുടങ്ങി നൂറുകണക്കിന് ആരോഗ്യ പ്രവർത്തകരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ പരിശ്രമമാണ് ഈ വിജയത്തിന് പിന്നിൽ.