തൊടുപുഴ: കൊവിഡ്- 19 ബാധ തീവ്രമല്ലാത്ത ഗ്രീൻ സോണിൽ ഇടുക്കിയെ ഉൾപ്പെടുത്തിയതിന് പിന്നാലെ ജില്ലയ്ക്കുള്ള ഇളവുകൾ ഇന്ന് പ്രഖ്യാപിക്കും. ഇളവുകൾ നൽകേണ്ട മേഖലകളെപ്പറ്റി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ മന്ത്രി എം.എം. മണി, ജില്ലാ കളക്ടർ എച്ച്. ദിനേശൻ എന്നിവർ ഇക്കാര്യം വിശദീകരിക്കും. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും വൈകിട്ട് ഏഴ് വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. എന്നാൽ സാമൂഹ്യഅകലം പാലിക്കണം. പൊതുഗതാഗത സംവിധാനങ്ങളുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാം. ഓരോ വാഹനത്തിലും എത്ര പേർ ആകാമെന്നത് സംബന്ധിച്ച് നിബന്ധനയുണ്ടാകും. ജനങ്ങൾക്ക് പുറത്തിറങ്ങാമെങ്കിലും നിയന്ത്രണങ്ങളുണ്ടാകും. ആരെയും ജില്ല വിട്ടുപോകാൻ അനുവദിക്കില്ല. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകൾ അടഞ്ഞുതന്നെ കിടക്കും. വനപ്രദേശങ്ങളിലൂടെ ആളുകൾ വരാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് നിലവിലുള്ള പരിശോധനകൾ തുടരും. രോഗം വീണ്ടുമെത്താതിരിക്കാൻ ബ്രേക്ക് ദ ചെയിൻ പ്രചാരണങ്ങളുമുണ്ടാകും. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശം നൽകും. കൈകഴുകാനുള്ള സൗകര്യവുമുണ്ടാകും.