തൊടുപുഴ: പനിയും തൊണ്ട വേദനയും ബാധിച്ചെത്തിയ അന്യസംസ്ഥാന തൊഴിലാളിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. തൊടുപുഴയ്ക്ക് സമീപം കുമ്പംകല്ലിൽ താമസിച്ച് നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നയാളെയാണ് വെള്ളിയാഴ്ച ഉച്ചയോടെ കാരിക്കോട് ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡ്- 19 പശ്ചാത്തലത്തിൽ പൊലീസും ആരോഗ്യ വകുപ്പും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി വരുന്നുണ്ട്. ഇതോടനുബന്ധിച്ചാണ് പനി ബാധിച്ചയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ച ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലയിൽ വേറെയാരും ആശുപത്രിയിൽ നിരീക്ഷണത്തിലില്ല.

നിരീക്ഷണത്തിലുള്ളത് 2897

കൊവിഡ്- 19 പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2897 ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും വീട്ടിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 344 പേരെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. 94 പേരെയാണ് പുതിയതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. ഇന്നലെ 26 പേരുടെ സ്രവം പരിശോധനയ്ക്കയച്ചു. ഇതുവരെ വന്ന ഫലങ്ങളിൽ 379 എണ്ണവും നെഗറ്റീവാണ്.