തൊടുപുഴ: വ്യാഴാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും പരക്കെ നാശ നഷ്ടം. തൊടുപുഴയിൽ ആട്ടോയുടെ മുകളിലേക്ക് കെട്ടിട ഭാഗങ്ങൾ തകർന്ന് വീണ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പട്ടാണിക്കുന്ന് കൊമ്പനാപറമ്പിൽ ആസാദിനാണ് (50) പരിക്കേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപം പലച്ചരക്ക് മൊത്ത വ്യാപാരിയുടെ ഗോഡൗണിന് മുന്നിലായിരുന്നു അപകടം. കനത്ത മഴയിൽ കെട്ടിടത്തിന്റെ സൺഷെയ്ഡിന്റെ ഭാഗവും മേച്ചിൽ ഷീറ്റും തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആട്ടോറിക്ഷയും സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറും പൂർണമായും തകർന്നു. കോടിക്കുളം പഞ്ചായത്തിലെ തെന്നത്തൂരിൽ ഉണ്ടായ ശക്തമായ കാറ്റിൽ പുത്തൻപുരയിൽ ലക്ഷ്മി, മങ്ങാട്ട് ജോണി, പുള്ളോലിക്കൽ ഷിബു എന്നിവരുടെ വീടുകൾക്ക് കേടുപാടുണ്ടായി. തെള്ളിയാങ്കൽ ജോൺ, കാട്ടാംകോട്ടിൽ ടോമി, പുനത്തിൽ ഗിരിജ എന്നിവരുടെ തൊഴുത്തുകളും ഭാഗികമായി തകർന്നു. തെള്ളിയാങ്കൽ ചാക്കോയുടെ കൃഷിയ്ക്കും നാശമുണ്ടായി. തെന്നത്തൂരിൽ നിർമിച്ചിരിക്കുന്ന പകൽവീടിനും മരം വീണ് നാശനഷ്ടമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി, വാർഡ് മെമ്പർ ജോർജ് പുന്നോലിൽ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. തെന്നത്തൂർ, കൊടുവേലി, കോടിക്കുളം മേഖലകളിൽ ഒട്ടേറെ വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇടവെട്ടി മേഖലയിലും കാറ്റ് വലിയ നാശം വിതച്ചു. തൊണ്ടിക്കുഴ പുത്തൻപുരയിൽ പ്രശാന്തിന്റെ വീടിനു മുകളിലേക്ക് റബർമരങ്ങൾ കടപുഴകി വീണു. തൊണ്ടിക്കുഴ നടയം റോഡിൽ കൂവേക്കുന്നിന് സമീപം മരം വീണ് നാല് വൈദ്യുതി പോസ്റ്റുകളൊടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. മാർത്തോമയിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ കെട്ടിടം പൂർണമായും തകർന്നു. ഉക്കിണി വീട്ടിൽ ഷക്കീറിന്റെ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ മേൽക്കൂര 100 മീറ്റർ അകലേക്ക് കാറ്റിൽ പറന്നുപോയി.