ഇടവെട്ടി: പഞ്ചായത്തിൽ രണ്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച രാവിലെ 10 മുതൽ 11 വരെ ഇടവെട്ടിച്ചിറ ഒന്നാം വാർഡിൽ ശുചീകരണ യജ്ഞം നടത്തും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടത്തുന്നത്. വാർഡിലെ ആരോഗ്യ സഭകളുടെയും ആരോഗ്യ ബാലസഭകളുടെയും വോളന്റിയർമാർ ഓരോ പ്രദേശത്തും ശുചീകരണ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകും. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കൾ, ടയറുകൾ, റബ്ബർ തോട്ടത്തിലെ ചിരട്ടകൾ, കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോട്, ഓവർ ഹെഡ് ടാങ്ക്, ടെറസ്, ഷെയ്ഡ്, ഫ്രിഡ്ജിലെ പുറകിലെ ട്രേ എന്നിവയുൾപ്പെടെ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ പൂർണമായും ഇല്ലാതാക്കി കൊതുകുകളുടെ ഉറവിട നശീകരണം മുഴുവൻ വീടുകളിലും പൊതു ഇടങ്ങളിലും നടപ്പാക്കും. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടർ പരിശോധനകളും ഉണ്ടാകും.