കട്ടപ്പന: ലോക്ക് ഡൗണിന്റെ തിരക്കിനിടയിൽ കട്ടപ്പന പൊലീസ് സ്‌റ്റേഷനിൽ വേറിട്ടൊരു ജന്മദിന ആഘോഷം. എസ്.ഐ. പി.ജെ. വർഗീസിന്റെ 56ാം പിറന്നാളാണ് കേക്കിനു പകരം വരിക്കച്ചക്ക മുറിച്ച് ആഘോഷിച്ചത്. എസ്.ഐയുടെ സർവീസിലെ അവസാനത്തെ ജന്മദിനത്തെക്കുറിച്ച് സഹപ്രവർത്തകർ നേരത്തെ അറിഞ്ഞിരുന്നു. എന്നാൽ കേക്ക് കിട്ടാനില്ലാത്തതിനാൽ മുറിക്കാൻ വരിക്കച്ചക്ക എത്തിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരത്തോടെ എസ്.ഐ. പി.ജെ. വർഗീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ ആശംസാ ഗാനവുമായി സഹപ്രവർത്തകർ ഒത്തുകൂടി. തുടർന്ന് സുഹൃത്തുക്കളുടെ സ്‌നേഹത്തിനു നന്ദി പറഞ്ഞ് ചക്ക മുറിച്ച് എല്ലാവരും ചക്കപ്പഴം കഴിച്ചു.