ഇടുക്കി: മലയോര ജനതയ്ക്ക് നാളെ മുതൽ മെല്ലെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാം. മൂന്നാറിൽ മാത്രം നിയന്ത്രണങ്ങൾക്ക് അയവുവരുത്താൻ ഇനിയും സമയമെടുക്കും. മറ്റിടങ്ങളിൽ കനത്ത ജാഗ്രത തുടരും. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗത്തിലാണ് ലോക്ഡൗണിൽ നിന്ന് ജില്ലയ്ക്കുള്ള ഇളവുകൾ പ്രഖ്യാപിച്ചത്. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ, പി.ജെ. ജോസഫ്, റോഷി അഗസ്റ്റിൻ,ഇ.എസ്. ബിജിമോൾ, എസ്. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി.കെ. മധു, സബ് കളക്ടർ പ്രേംകൃഷ്ണ, എ.ഡി.എം ആന്റണി സ്‌കറിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, പ്രോഗ്രാം മാനേജർ ഡോ. സുജിത്ത് സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
. പ്രധാന ഇളവുകൾ • ജില്ലയ്ക്കുള്ളിൽ കെ.എസ്.ആർ.ടി.സി അനുവദിക്കും. സ്വകാര്യ ബസുകൾക്ക് താത്പര്യമെങ്കിൽ ആർ.ടി.ഒയുമായി ആലോചിച്ച് സമയക്രമീകരണം നടത്തി ഓടാം. മൂന്നു സീറ്റുള്ളതിൽ രണ്ടു പേർക്കും രണ്ടു സീറ്റുള്ളതിൽ ഒരാൾക്കും യാത്ര ചെയ്യാം. നിന്ന് യാത്ര പാടില്ല. • ആട്ടോകളിൽ രണ്ടു പേർക്കും ടാക്‌സികളിൽ മൂന്ന് പേരും ബൈക്കിൽ ഒരാൾക്കും സഞ്ചരിക്കാം. • വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാക്കും. • ഹോട്ടൽ, റസ്റ്റോറന്റ് എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾ അകലം പാലിച്ചു ക്രമീകരിക്കണം. • പി.ഡബ്ല്യു.ഡി- സ്വകാര്യ മേഖലകളിലുള്ള നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിതമായി അനുവദിക്കും. • വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കാം. • പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്ററുകൾ തുടങ്ങി എല്ലാ സർക്കാർ ഓഫീസുകളും തുറക്കും. • തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലി ആരംഭിക്കും. അഞ്ചിൽ കൂടുതൽ തൊഴിലാളികൾ ഒരു ടീമിൽ ഉണ്ടാകരുത്. • ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫിസിയോതെറാപ്പി യൂണിറ്റുകൾ തുടങ്ങിയവ തുറക്കും. • മരുന്നുകൾ കൊണ്ടുപോകാൻ അന്തർസംസ്ഥാന തലത്തിലായാലും അനുമതി നൽകും. • തോട്ടം മേഖലയിൽ 50 ശതമാനത്തിൽ താഴെ തൊഴിലാളികളാകാം ഇവ തുടരും • ആരാധനാലയങ്ങൾ തുറക്കില്ല • സംസ്ഥാന അതിർത്തി പൂർണമായും അടച്ചിടും. ജില്ല വിട്ട് യാത്ര പാടില്ല • സാമൂഹിക അകലം പാലിക്കണം. • പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം • പൊതു ഇടങ്ങളിൽ സാനിറ്റൈസറും കൈ കഴുകാൻ സൗകര്യവും ഒരുക്കും. • ആൾക്കൂട്ടം ഒഴിവാക്കണം മൂന്നാറിൽ കർശന നിയന്ത്രണങ്ങൾ • മൂന്നാർ ചന്തയ്ക്കകത്ത് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മാത്രം പ്രവേശനം • പ്രവേശനം തെർമൽ സ്‌ക്രീനിംഗ് നടത്തി • ഒരു മണിക്കൂർ മാത്രമേ ടൗണിൽ ചെലവഴിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ പാസ് ഏർപ്പെടുത്തും. • പത്ത് വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും രോഗലക്ഷണമുള്ളവരും ടൗണിൽ വരാൻ പാടില്ല