തൊടുപുഴ: ജില്ലയിൽ ഇന്നലെ കൊവിഡ് സംശയിച്ച പരിശോധനയ്ക്ക് അയച്ച രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെയും ഫലങ്ങൾ നെഗറ്റീവ്. ഒരാൾ പനി ബാധിച്ച് ചികിത്സയിലുള്ളയാളും രണ്ടാമത്തെയാൾ പെരുമ്പിള്ളിച്ചിറയിൽ ഹൃദയാഘാതം മൂലം മരിച്ചയാളുമാണ്. പനിയും തൊണ്ട വേദനയും ബാധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു ആദ്യത്തെയാൾ. തൊടുപുഴക്ക് സമീപം കുമ്പംകല്ലിൽ താമസിച്ച് നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നയാളെയാണ് വ്യാഴാഴ്ച കൊവിഡ് ലക്ഷണങ്ങളോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ പൊലീസും ആരോഗ്യ വകുപ്പും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പനി ബാധിച്ചയാളെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ച ഇയാളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിക്കുകയായിരുന്നു. പരിശോധനാ ഫലം എത്തിയതിനെ തുടർന്ന് ഇദ്ദേഹം ആശുപത്രി വിട്ടു. കൂടാതെ വെള്ളിയാഴ്ച മരണപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയുടെ പരിശോധന ഫലവും നെഗറ്റീവായി. പെരുമ്പിള്ളിച്ചിറയിൽ താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി അഷറഫ് അലി ഷേക്കാണ് (29) മരിച്ചത്. പെരുമ്പിള്ളിച്ചിറ സ്വദേശിയായ കരാറുകാരനോടൊപ്പം കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു അഷ്‌റഫ്. ഇവിടെ സഹോദരനടക്കമുള്ള മറ്റ് തൊഴിലാളികൾക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് താമസ സ്ഥലത്ത് വച്ച് ഇയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പം താമസിച്ചിരുന്നവർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ രക്തസാമ്പിൾ ശേഖരിച്ചിരുന്നു. റിസൽട്ട് നെഗറ്റീവായതോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.