തൊടുപുഴ: കൊവിഡ്- 19 പാക്കേജിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിതരണം ചെയ്യുമെന്ന് പറഞ്ഞ 20,000 രൂപയുടെ പലിശ രഹിത വായ്പയുടെ മാനദണ്ഡങ്ങൾ അടങ്ങിയ ഉത്തരവ് വന്നപ്പോൾ ബഹുഭൂരിപക്ഷം അപേക്ഷകരും ഗുണഭോക്തൃ ലിസ്റ്റിൽ നിന്ന് പുറത്തായതായി ഡി.സി.സി. പ്രസിഡന്റ് റ് ഇബ്രാഹിംകുട്ടി കല്ലാർ. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതി (സി.എം.എച്ച്.എസ്) എന്ന പേരിലുള്ള വായ്പയാണ് 48 ലക്ഷത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നത്. ആറുമാസത്തിനുശേഷം ആരംഭിക്കുന്ന തിരിച്ചടവ് മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കിയാൽ മതിയെന്നായിരുന്നു നിബന്ധന. വായ്പയുടെ പലിശ സർക്കാർ വഹിക്കും എന്നാണ് അറിയിച്ചിരുന്നത്. കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ജെ.എൽ.ജി, ഒപ്പം വായ്പകൾ, ലിങ്കേജ് വായ്പകൾ തുടങ്ങിയ മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന സംഘങ്ങൾ അപേക്ഷിക്കേണ്ടതില്ലെന്നാണ് നിബന്ധന. ഈ മൂന്നു വായ്പകളുടെയും ഗുണഭോക്താക്കളല്ലാത്ത സംഘങ്ങൾ സംസ്ഥാനത്ത് തീരെ കുറവാണ്. മറ്റൊന്ന് കൊവിഡ് ബാധ മൂലം വരുമാനനഷ്ടം ഉള്ളവർക്ക് മാത്രമാണ് വായ്പ ലഭിക്കുക. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വേതനം, പെൻഷൻ, ഓണറേറിയം 10,000 രൂപയിൽ അധികം വരുമാനം ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വായ്പയ്ക്ക് അർഹരല്ലെന്നതാണ് മറ്റൊരു മാനദണ്ഡം. കുടുംബശ്രീ സംഘാംഗംങ്ങളെ പറഞ്ഞു പറ്റിച്ച സർക്കാർ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും നിബന്ധനകളിൽ ഇളവ് വരുത്തി, എല്ലാ അയൽക്കൂട്ടങ്ങളിലെയും അംഗങ്ങൾക്ക് 20,000 രൂപ വീതം തന്നെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ ഇക്കാര്യം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.