family
തൊടുപുഴ മുതലക്കോടത്ത് കെട്ടിട ഉടമ ഒഴിപ്പിക്കാൻ ശ്രമിച്ച മാത്യു കുര്യാക്കോസും ഹൃദ്‌രോഗിയായ ഭാര്യയും തകരഷീറ്റ് മേഞ്ഞ വീടിന് മുമ്പിൽ

തൊടുപുഴ: ലോക്ക് ഡൗൺ കാലത്തെ 1,500 രൂപ വാടക നൽകാത്തതിന്റെ പേരിൽ കൂലിപ്പണിക്കാരനായ ഗൃഹനാഥനെയും ഹൃദ്രോഗിയായ ഭാര്യയെയും മകനെയും ഒറ്റമുറി ഷെഡിൽ നിന്ന് ഇറക്കി വിടാൻ ശ്രമം. പ്രതിഷേധവുമായെത്തിയ നാട്ടുകാരെ നായയെ അഴിച്ചുവിട്ട് ഭീഷണിപ്പെടുത്തിയ വീട്ടുടമയായ മുൻ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ മുതലക്കോടം കുന്നുമ്മേൽ കെ.വി.തോമസാണ് ലോക്ക് ഡൗണിനെ തുടർന്ന് നിത്യവൃത്തിക്ക് പോലും വകയില്ലാതെ കഷ്ടപ്പെടുന്ന പള്ളിക്കുന്നേൽ മാത്യു കുര്യാക്കോസിനെയും കുടുംബത്തെയും ഇറക്കിവിടാൻ ശ്രമിച്ചത്.

അഞ്ചു മാസം മുമ്പാണ് മാത്യുവും കുടുംബവും തോമസിന്റെ പുരയിടത്തിലെ ചോർന്നൊലിക്കുന്ന താത്കാലിക ഷെഡിൽ താമസം ആരംഭിച്ചത്. കഴിഞ്ഞ മാസം വരെ വാടക കൃത്യമായി നൽകിയിരുന്നതായി മാത്യു പറഞ്ഞു. ലോക്ക് ഡൗണിനെ തുടർന്ന് പണിയില്ലാതായതോടെയാണ് ഈ മാസത്തെ വാടക മുടങ്ങിയത്. ഇതോടെ തോമസിന്റെ മട്ടുമാറി. കഴിഞ്ഞ ദിവസം തോമസ് ഇവരുടെ കൂരയിലേക്കുള്ള വഴി അടച്ചു. പിന്നാലെ വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബന്ധവും വിച്ഛേദിച്ചു. മറ്റൊരു വഴിയിലൂടെ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കാലു വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവമറിഞ്ഞ് നാട്ടുകാർ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ശനിയാഴ്ച ശ്രമിച്ചെങ്കിലും തോമസ് വഴങ്ങിയില്ല. മാത്യു കുര്യാക്കോസിനെയും കുടുംബത്തെയും ഇറക്കി വിടാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് തൊടുപുഴ എസ്‌.ഐ എ.പി സാഗർ താക്കീതും നൽകിയിരുന്നു. വഴി അടയ്ക്കരുതെന്നും വെള്ളവും വൈദ്യുതിയും പുനഃസ്ഥാപിക്കണമെന്നും തോമസിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. മാത്യുവിന്റെ ഭാര്യ രണ്ടര വർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ തോമസ് വീണ്ടും ഭീഷണി ഉയർത്തിയതോടെയാണ് രംഗം വീണ്ടും വഷളായത്. നാട്ടുകാർ നടപടി ചോദ്യം ചെയ്തതോടെ വളർത്തുനായയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. തോമസിന്റെ രണ്ടു മക്കൾ ആസ്‌ട്രേലിയയിലാണ്. വീടിന് സമീപം നിരവധി കെട്ടിടങ്ങൾ നിർമിച്ച് വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ പലതിനും കെട്ടിടനമ്പരില്ലെന്ന് വ്യക്തമായിട്ടുണ്ട്. അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുമെന്നും തോമസിനെതിരെ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ സിസിലി ജോസ് പറഞ്ഞു.



മാത്യുവിന് സഹായവുമായി

പി.ജെ.ജോസഫ് എം.എൽ.എ


മാത്യുവിനും കുടുംബത്തിനും ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ചെലവിൽ വീട് വച്ചു നൽകുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇതിനായി മുതലക്കോടത്തിനടുത്ത് കാഞ്ഞിരംപാറയിൽ ജോഷി ഒലേടത്ത് മൂന്ന് സെന്റ് സ്ഥലം നൽകും. ഉടുമ്പന്നൂരിന്ന് സമീപം വീടിനു സ്ഥലം നൽകാമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലവും അറിയിച്ചിട്ടുണ്ട്. നഗരസഭാ മുൻ ചെയർമാൻ എം.പി.ഷൗക്കത്തലി ചെയർമാനായി നാട്ടുകാർ ആക്ഷൻകൗൺസിലും രൂപീകരിച്ചു.