കട്ടപ്പന: വാറ്റ് നിയമത്തിന്റ പേരിൽ സർക്കാർ വ്യാപാരികളെ കൊള്ളയടിക്കുന്നതായി ആരോപിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കെ.വി.വി.ഇ.എസ് കട്ടപ്പന യൂണിറ്റ് ഉപവാസ സമരം നടത്തി. ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിച്ചായിരുന്നു സമരം. 2014 മുതൽ 2017 വരെയുള്ള കണക്കുകൾ കുത്തിപ്പൊക്കി 5000 കോടി രൂപ പിരിക്കാമെന്നു ഉദ്യോഗസ്ഥർ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചതായും നേതാക്കൾ ആരോപിച്ചു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ വ്യാപാരികളെ ഇരയാക്കിയാൽ വീണ്ടും കടകളടച്ച് പ്രതിഷേധിക്കുമെന്നും ഇവർ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. മാണി, സിബി കൊല്ലംകുടി, സാജൻ ജോർജ്, കെ.പി. ബഷീർ, എ.എച്ച്. കുഞ്ഞുമോൻ എന്നിവർ നേതൃത്വം നൽകി.