തൊടുപുഴ: നഗരത്തിലെ ശുദ്ധജലവിതരണ ശൃംഖലയിലെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് നഗരത്തിൽ കുടിവെള്ള വിതരണം നിലച്ചു. പട്ടാണിക്കുന്നിലെ വാട്ടർ അതോറിട്ടി പ്ലാന്റിൽ നിന്ന് ശുദ്ധീകരിച്ച് വിതരണത്തിനായി എത്തിക്കുന്ന പൈപ്പാണ് അരമീറ്റർ വ്യാസത്തിലും ആറ് മീറ്റർ നീളത്തിലും പൊട്ടിയത്. ഇതോടെ തൊടുപുഴ നഗരസഭയിൽ പൂർണമായും കരിങ്കുന്നം പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലുമാണ് കുടിവെള്ളം വിതരണം മുടങ്ങുന്നത്. കടുത്ത വേനലിൽ കുടിവെള്ളം മുടങ്ങിയത് കൂടുതൽ ദുരതത്തിനിടയാക്കി. ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് വാട്ടർ അതോറിട്ടി ആഫീസിന് സമീപത്തായി പൈപ്പ് പൊട്ടിയത്. 500 മില്ലിമീറ്റർ വ്യാസമുള്ള കാസ്റ്റ് അയൺ പൈപ്പാണ് പൊട്ടിയത്. തുടർന്ന് സമീപത്ത് താമസിക്കുന്ന കൊമ്പനാപ്പറമ്പിൽ കെ.എച്ച്. സക്കീറിന്റെ വീട്ടിലേക്ക് മണ്ണും മിറ്റലും വെള്ളത്തിൽ ഒഴുകിയെത്തി. ഈ റോഡ് ടാർ ചെയ്യാതെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇന്നലെ വൈകിയും മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ പുരോഗമിക്കുകയാണ്. പമ്പിംഗ് പുനരാരംഭിക്കാൻ വൈകുമെന്നതിനാൽ ഇന്നും നാളെയും നഗരത്തിന്റെ ചില ഭാഗങ്ങളിൽ കുടിവെള്ളം മുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. തൊടുപുഴ നഗരത്തിലെ ഉയർ പ്രദേശങ്ങളിലടക്കം കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.