koda
ഭൂമിയാംകുളത്ത് തുരുത്തിപ്പിള്ളിൽ റോയിവാറ്റാനായി പുരയിടത്തിൽ സൂക്ഷീച്ചിരുന്ന കോട ഇടുക്കി എക്‌സൈസ് സംഘം പിടികൂടി നശിപ്പിക്കുന്നു.

ചെറുതോണി: വാഴത്തോപ്പ്,​ കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ നിന്നായി 150 ലിറ്റർ കോട പിടികൂടി. രാവിലെ ഏഴിന് വാഴത്തോപ്പ് പഞ്ചായത്തിൽ ഭൂമിയാംകുളത്ത് തുരുത്തിപ്പിള്ളിൽ റോയി ചാരായം വാറ്റാനായി പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 100 ലിറ്റർ കോടയാണ് ഇടുക്കി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അബു അബ്രഹാമിന്റെ നേതൃത്തിൽ പിടികൂടിയത്. ലോക്ക് ഡൗണിൽ പ്രതി വൻതോതിൽ ചാരായം വാറ്റി വാഴത്തോപ്പിലും സമീപ പ്രദേശങ്ങളിലും വിൽപ്പന നടത്തിവരികയായിരുന്നെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ സഹായികളായി പ്രദേശവാസികളായ രണ്ടുപേരും ഉൾപ്പെട്ടിട്ടുള്ളതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എക്‌സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ട പ്രതിക്കും സഹായികൾക്കും വേണ്ടി എക്‌സൈസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കയാണ്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി.ജെ ഡൊമിനിക്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.ജെ. ബിനോയി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജു ജേക്കബ്, ബൈജു സോമരാജൻ, എം.സി സാബുമോൻ, ജിനു ജോ മാത്യു, ഡ്രൈവർ പി.സി റെജി എന്നിവർ പങ്കെടുത്തു. വെൺമണി-പാലപ്ലാവിൽ ചാരായം വാറ്റിയെടുക്കാനായി സൂക്ഷിച്ചിരുന്ന 50 ലിറ്റർ കോട കഞ്ഞിക്കുഴി പൊലീസ് സംഘം പിടികൂടി നശിപ്പിച്ചു. കഞ്ഞിക്കുഴി സർക്കിൾ ഇൻപെക്ടർ വർഗീസ് അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിലാണ് പാലപ്ലാവ് വനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന കോട കണ്ടെത്തിയത്. പ്രതിക്ക് വേണ്ടി കഞ്ഞിക്കുഴി പോലിസ് അന്വേഷണം ഊർജ്ജിതമാക്കി. സബ് ഇൻസ്‌പെക്ടർ ഫ്രാൻസിസ്, സിനിയർ സിവിൽ പോലിസ് ഓഫീസർമാരായ ജോബി, ബിജു പോൾ, അനിഷ് തങ്കപ്പൻ, അശ്വതി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.