തൊടുപുഴ: കിണർ തേകി വൃത്തിയാക്കാനിറങ്ങിയ ഗൃഹനാഥൻ തിരികെ കയറുന്നതിനിടെ കിണറ്റിൽ വഴുതി വീണു മരിച്ചു. മുള്ളരിങ്ങാട് അമ്പലപ്പടി പൊട്ടംപ്ലാക്കൽ നാരായണനാണ് (65) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. മുള്ളരിങ്ങാടിന് സമീപം മാമ്പറ പുതുമനക്കുടിയിൽ തങ്കപ്പന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു നാരായണൻ. വെള്ളം വറ്റിച്ച ശേഷം കിണറ്റിലിറങ്ങി വൃത്തിയാക്കിയ ശേഷം കയറിൽ തൂങ്ങി തിരികെ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിവിട്ട് കിണറിലേക്ക് വീണത്. വീഴുന്നതിനിടയിൽ കിണറ്റിൽ വച്ചിരുന്ന ഏണിയുടെ കമ്പ് നാരായണന്റെ വയറിൽ തുളച്ചു കയറി. കിണറ്റിൽ വീണ നാരായണനെ രക്ഷിക്കാൻ തങ്കച്ചനും സ്ഥലത്തുണ്ടായിരുന്നവരും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.വി. രാജന്റെ നേതൃത്വത്തിൽ തൊടുപുഴ ഫയർഫോഴ്സ് സ്ഥലത്തെത്തി വലയുപയോഗിച്ച് നാരായണനെ പുറത്തെത്തിച്ച് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ ജാനകി. മക്കൾ: ചന്ദ്രൻ, ശാരദ, രാഗിണി, ലെനി. മരുമക്കൾ: സോമൻ, ശിവൻ, തങ്കരാജ്.