തൊടുപുഴ: ഇടവെട്ടിയിൽ പുരയിടത്തിൽ കെട്ടിയിരുന്ന ആടിനെയും ആട്ടിൻകുട്ടികളെയും കൂട്ടമായെത്തിയ കുറുക്കൻമാർ കടിച്ചു കൊന്നു. ഇടവെട്ടി പഞ്ചായത്ത് മുൻ അംഗം ടി.എം. മുജീബിന്റെ രണ്ടു വയസ് പ്രായമായ ആടിനെയും രണ്ടു കുട്ടികളെയുമാണ് കുറുക്കൻമാർ കടിച്ചു കൊന്നത്. ഇടവെട്ടി തെക്കുംഭാഗം കനാൽ റോഡിനോടു ചേർന്നുള്ള റബർ തോട്ടത്തിൽ കെട്ടിയിരുന്ന ആടുകളെയാണ് ഇന്നലെ രാവിലെ പത്തരയോടെ കുറുക്കൻമാർ ആകമിച്ചത്. കടിച്ച് മുറിവേൽപ്പിച്ച ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മുജീബിന്റെ മകനെയും കുറുക്കൻമാർ ആക്രമിച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കൂടുതൽ നാട്ടുകാർ എത്തിയപ്പോഴേക്കും ആടുകളെ കടിച്ചു കൊന്ന് കുറുക്കൻമാർ സ്ഥലം വിട്ടിരുന്നു. ജനവാസ മേഖലയായ ഇവിടെ റബർതോട്ടത്തിലാണ് അടുത്ത നാളുകളായി കുറുക്കൻമാരുടെ കൂട്ടം തമ്പടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.