തൊടുപുഴ: ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച അവ്യക്തത നാട്ടുകാരെ മുഴുവൻ റോഡിലിറക്കി. ഗ്രീൻ സോണിൽപ്പെട്ട ഇടുക്കിയിൽ എല്ലാ കടകളും തുറക്കുമെന്ന ധാരണയിൽ ആളുകൾ പുറത്തിറങ്ങിയത് തിരക്കിനിടയാക്കി.

ഇളവുകളുള്ള കടകൾക്ക് പുറമെ ഒട്ടുമിക്ക സ്ഥാപനങ്ങളും തുറക്കുകയും ചെയ്തു. തുടർന്ന്,​ പൊലീസ് എത്തി അടപ്പിക്കാനൊരുങ്ങിയെങ്കിലും

കടകൾ ശുചീകരിക്കാൻ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യത്തോട് അവർ സഹകരിച്ചു. ശുചീകരണത്തിന് ശേഷം ഉച്ചയോടെ കടകൾ അടപ്പിച്ചു.

തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൻവാലി, സേനാപതി പഞ്ചായത്ത് എന്നിങ്ങനെ ഇടുക്കിയിൽ ആറു ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇവിടങ്ങളിലെ പല സ്ഥാപനങ്ങളും തുറന്നെങ്കിലും പിന്നീട് പൊലീസ് എത്തി അടപ്പിച്ചു. തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം കൂടുതലായതിനാൽ അതിർത്തി പങ്കിടുന്ന ജില്ലയിലെ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.