ഏലം കർഷകരുടെ മുടങ്ങിയ ലേലത്തുക കൊടുത്തു തീർക്കണം

ഇടുക്കി : ജില്ലയിലെ ഏലം കർഷകരുടെ കുടിശ്ശികയായ ലേലത്തുക മേയ് മൂന്നിനകം കൊടുത്ത് തീർക്കാനായി ശക്തമായ ഇടപെടൽ നടത്തണമെന്ന് ലേലം സംബന്ധിച്ച് കളക്ട്രേറ്റിൽ ചേർന്ന യോഗം സ്‌പൈസസ് ബോർഡിനോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മന്ത്രി എംഎം മണി നേതൃത്വം നൽകി. കർഷകർക്ക് നിലവിലുള്ള വായ്പയുടെ പരിധി വർധിപ്പിക്കുന്നത് സംബന്ധിച്ച കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു
പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് നിലവിൽ ലേലം നടത്തിയിരുന്നത്. കൂടുതൽ മാർക്കറ്റിങ്ങ് തമിഴ്‌നാട്ടിലും ഉപഭോഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമാണ്. അവസാന ലേലത്തിൽ പിടിച്ച ഏലക്ക് പലയിടങ്ങളിലുമായി കെട്ടിക്കിടക്കുകയാണെന്ന് ലേലം കമ്പനി പ്രതിനിധികൾ പറഞ്ഞു. ഇതാണ് പണം വൈകാൻ കാരണം. ലോക്ഡൗൺ ആയതിനാൽ നിലവിൽ ജില്ലയിൽ മേയ് മൂന്ന് വരെ ലേലം നടത്തില്ല.ഈ ലേലത്തോടൊപ്പം ഓൺലൈൻ പ്ലസ് ഓട്ടോമേറ്റഡ് ലേലം നടത്താനുള്ള സാദ്ധ്യതകൾ പരിഗണിക്കുമെന്ന് വീഡിയോ കോൺഫറൻസിലൂടെ സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ അറിയിച്ചു. കർഷകരുടെ പരാതികളും ആശങ്കകളും ബോർഡിനെ അറിയിക്കും. അടുത്ത അവലോകന യോഗം മേയ് 5ന് ചേരാൻ തീരുമാനിച്ചു. യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എപി, എംൽഎമാരായപിജെ ജോസഫ്, റോഷി അഗസ്റ്റിൻ , ഇ.എസ് ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി.കെ മധു, ലേലം കമ്പനി പ്രതിനിധികൾ, കർഷകർ, സ്‌പൈസസ് ബോർഡ് പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.