ഇടുക്കി : ജില്ലയിൽ റോഡ് ടാറിംഗ് ഉൾപ്പെടെയുള്ള അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകി. ജില്ലാകലക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. റോഡ് ടാറിംഗിന് തൊഴിലാളികളെ കോവിഡ് നിയന്ത്രണ ചട്ടം പാലിച്ച് വിന്യസിക്കുന്നതിനും അനുമതി നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റ് ഉൾപ്പെടെയുള്ള സാമഗ്രികളുടെ നീക്കം അനുവദിക്കും. ഇതിനാവശ്യമായ വാഹനങ്ങളുടെ ഡ്രൈവർമാരും മറ്റ് ജീവനക്കാരും സുരക്ഷാ മുൻകരുതലോടെ സത്യവാങ്മൂലം കരുതിയിരിക്കണം.

വാഹനങ്ങളിൽ ഏത് ജോലിക്ക് എവിടേക്ക് എന്ന് കാണിച്ചുള്ള സ്റ്റിക്കർ പതിപ്പിക്കണം.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് നിലവിലുള്ള കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി ആരംഭിക്കാനും അനുമതി നൽകി. 59 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. മഴക്കാലത്തിന് മുന്നോടിയായി അപകടസാദ്ധ്യതയുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റും. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് അഭയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് സാദ്ധ്യത പരിശോധിക്കുമെന്ന് ജില്ലാകലക്ടർ പറഞ്ഞു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജില്ലാ പൊലീസ് മേധാവി പി.കെ മധു, എ.ഡി.എം ആന്റണി സ്‌കറിയ, ഡി.എം.ഒ ഡോ. എൻ പ്രിയ, ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.